19 November, 2016 01:09:04 PM
ഐ.എസ്.എല്‍: കേരള ബ്ലാസ്റ്റേഴ്സ് - മുംബൈ സിറ്റി എഫ്.സി പോരാട്ടം ഇന്ന്
മുംബൈ: സ്വന്തം മണ്ണിലെ രണ്ട് തകര്‍പ്പന്‍ ജയങ്ങളുടെ ആത്മവിശ്വാസവുമായി സെമി ബര്‍ത്തുറപ്പിക്കാന്‍ കേരള ബ്ളാസ്റ്റേഴ്സ് ശനിയാഴ്ച മുംബൈയില്‍. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ തങ്ങളുടെ 11ാം അങ്കത്തിനിറങ്ങുന്ന മഞ്ഞപ്പടക്ക് എതിരാളി ഡീഗോ ഫോര്‍ലാനും സുനില്‍ ഛേത്രിയും നയിക്കുന്ന മുംബൈ സിറ്റി എഫ്.സി. പോയന്‍റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനക്കാരാണ് മുംബൈയും (16) ബ്ളാസ്റ്റേഴ്സും (15). ശനിയാഴ്ച ജയിക്കുന്നവര്‍ക്ക് സെമി ഏതാണ്ടുറപ്പിക്കാം. സീസണ്‍ ആദ്യത്തില്‍ ഇരുവരും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ചോപ്രയുടെ ഗോളില്‍ ബ്ളാസ്റ്റേഴ്സിനായിരുന്നു (1-0) ജയം.
ജയമില്ലാതെ തുടര്‍ച്ചയായി രണ്ട് കളിയും കടന്നാണ് മുംബൈ 12ാം അങ്കത്തിനിറങ്ങുന്നതെങ്കില്‍, കൊച്ചിയില്‍ രണ്ട് കൂട്ടക്കശാപ്പ് നടത്തിയാണ് ബ്ളാസ്റ്റേഴ്സ് മുംബൈയിലേക്ക് പറന്നത്. മാര്‍ക്വീതാരം ഡീഗോ ഫോര്‍ലാന്‍െറ സാന്നിധ്യവും ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ വരവും മുംബൈയെ ഉണര്‍ത്തിക്കഴിഞ്ഞു. എഫ്.സി ഗോവ (2-1), ചെന്നൈയിന്‍ (3-1) എന്നിവരെ തോല്‍പിച്ച് ഊര്‍ജം നിറച്ച ബ്ളാസ്റ്റേഴ്സിന് വര്‍ധിതവീര്യമാണ് മുംബൈയില്‍. സി.കെ. വിനീത്, റിനോ ആന്‍േറാ എന്നിവരുടെ വരവ് ടീമിനെ ആകെ ഉണര്‍ത്തിയെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍ തന്നെ സമ്മതിക്കുന്നു. ഒപ്പം, കേളികേട്ട പ്രതിരോധത്തിന് കടുപ്പംകൂട്ടാന്‍ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസും ഇന്നിറങ്ങും.