15 November, 2016 03:16:34 PM
കിരീടം നിലനിര്‍ത്താന്‍ വിജേന്ദര്‍ സിംഗ് ഡിസംബര്‍ 17ന് ഇറങ്ങും
ദില്ലി: ഡബ്ല്യു.ബി.ഒ സൂപ്പര്‍ മിഡില്‍വെയ്റ്റ് ഏഷ്യാ പസഫിക് കിരീടം നിലനിര്‍ത്താന്‍ വിജേന്ദര്‍ സിംഗ് കളത്തിലിറങ്ങുന്നു. ഡിസംബര്‍ 17നാണ് വിജേന്ദറിന്റെ മത്സരം. കരിയറിലെ ഏറ്റവും വലിയ എതിരാളിയെയാണ് വിജേന്ദര്‍ നേരിടുന്നത്. ടാന്‍സാനിയയുടെ ഫ്രാന്‍സിസ് ചെക്കയാണ് എതിരാളി. മുന്‍ ലോക ജേതാവും നിലവിലെ ഇന്റര്‍കോണ്ടിനെന്‍ഡല്‍ ചാംപ്യനുമാണ് ചെക്ക.
പരിചയസമ്പത്തുള്ള താരമാണ് 34കാരനായ ചെക്ക. കരിയറിലെ 43 മത്സരങ്ങളില്‍ 32 ജയം നേടാന്‍ ചെക്കയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതില്‍ 17 എണ്ണം നോക്കൗട്ടാണ്. റഷ്യയുടെ ഫെദോര്‍ ചുദിനോവ്, ബ്രിട്ടന്റെ മാത്യു മെക്ലിന്‍ എന്നീ ലോകോത്തര താരങ്ങളെ വിറപ്പിച്ച താരമാണ് ചെക്ക. ഈ വര്‍ഷം സെര്‍ബിയയുടെ ജിയര്‍ഡ് ജെറ്റോവികിനെ പരാജയപ്പെടുത്തിയാണ് താന്‍സാനിയന്‍ താരംഇന്റര്‍കോണ്ടിനെന്‍ഡല്‍ ജേതാവായത്. കരിയറില്‍ ഏഴു ജയങ്ങളുമായി കുതിക്കുന്ന വിജേന്ദറിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന താരം കൂടിയാവും ചെക്ക.