13 November, 2016 09:54:13 AM
സര്‍ക്കാര്‍ അവഗണന: അനില്‍ഡ തോമസും അനു രാഘവനും കേരളം വിടുന്നു
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്തു രണ്ടുവര്‍ഷമായിട്ടും സര്‍ക്കാര്‍ വാക്കുപാലിക്കാത്തില്‍ പ്രതിഷേധിച്ച് ഒളിംപ്യന്‍ അനില്‍ഡ തോമസും രാജ്യാന്തര താരം അനു രാഘവനും കേരളം വിടുന്നു. ദേശീയ ഗെയിംസില്‍ രണ്ട് വീതം സ്വര്‍ണവും ഓരോ വെള്ളിയും നേടിയ അനില്‍ഡയ്ക്കും അനുവിനും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് വനം വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയിലെ നിയമനമാണ്. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഉറപ്പ് എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തിലാണ് ഇനിയും പാഴ്വാക്കുകള്‍ക്കു കാത്തിരിക്കാതെ ഇരുവരും കേരളം വിടാനൊരുങ്ങുന്നതെന്ന് ഇരുവരും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വനം വകുപ്പിലെ യൂണിയന്‍ നേതാക്കളാണു നിയമനത്തില്‍ എതിര്‍പ്പുമായി രംഗത്തുള്ളത്. അനില്‍ഡയ്ക്കും അനുവിനും നിയമനം നല്‍കുന്നതിനെതിരെ പലവട്ടം നേതാക്കള്‍ മേലാധികാരികളെ കണ്ടു. സംസ്ഥാന സര്‍ക്കാരില്‍ വിശ്വസിച്ച അനില്‍ഡയും അനുവും നല്ല അവസരങ്ങള്‍ പലതും നിരസിച്ചു. ഇനിയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ അതു തിരിച്ചടിയാകുമെന്നാണു താരങ്ങളുടെ കണക്കുകൂട്ടല്‍. യോഗ്യതയുണ്ടയിട്ടും ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയവരെല്ലാം ജോലിക്കായി നീളുന്ന കാത്തിരുപ്പിലാണ്.