12 November, 2016 05:52:05 PM


രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യ 488ന് പുറത്ത് ; ഇംഗ്ലണ്ടിന് 163 റണ്‍സ് ലീഡ്




രാജ്കോട്ട് : ചേതേശ്വര്‍ പൂജാരയും മുരളി വിജയും സെഞ്ചുറി നേടിയതിനു പിന്നാലെ വാലറ്റത്ത് അശ്വിന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ രക്ഷപെടുത്തി. ഇംഗ്ലണ്ടിന്റെ 537 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 488 റണ്‍സെടുത്തു. 70 റണ്‍സെടുത്ത രവിചന്ദ്ര അശ്വിനാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും അവസാനം പുറത്തായത്. നാലിന് 319 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് അജിങ്ക്യ രഹാനെയുടെ (13) വിക്കറ്റാണ് ആദ്യം നഷ്ടമായത്.



40 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്ലി ഹിറ്റ് വിക്കറ്റിലൂടെ പുറത്തായി. ഹുക്ക് ഷോട്ടിനുള്ള ശ്രമത്തിനിടെ കോഹ്ലിയുടെ കാല്‍ സ്റ്റംപില്‍ തട്ടുകയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റില്‍ അശ്വിനും വൃദ്ധിമാന്‍ സാഹയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍നിന്നു കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 64 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് കളിനിര്‍ത്തുമ്ബോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 114 റണ്‍സ് എന്ന നിലയിലാണ്. 46 റണ്‍സുമായി ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും 62 റണ്‍സുമായി ഹസീബ് ഹമീദുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന് ഇപ്പോള്‍ ആകെ 163 റണ്‍സ് ലീഡുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K