11 January, 2016 10:45:11 PM


ഫിഫ ലോകകപ്പ് : സെഞ്ച്വറി പോരാട്ടത്തിന് ആതിഥേയരാവാന്‍ അര്‍ജന്‍റീനയും ഉറുഗ്വായ്യും



ബ്വേനസ് എയ്റിസ്: ഫിഫ ലോകകപ്പ് ഫുട്ബാളിന്‍െറ 2030ല്‍ നടക്കുന്ന നൂറാം പിറന്നാള്‍ പോരാട്ടത്തിന് സംയുക്ത ആതിഥേയരാവാന്‍ അര്‍ജന്‍റീനയും ഉറുഗ്വായ്യും കൈകോര്‍ക്കുന്നു. അര്‍ജന്‍റീന ഫുട്ബാള്‍ പ്രസിഡന്‍റ് മൗറിസിയോ മാസ്രി, ഉറുഗ്വായ് ഫുട്ബാള്‍ പ്രസിഡന്‍റ് ടബാരെ വാസിക്വസ് എന്നിവര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലാണ് 'ബിഡ്' തീരുമാനം പ്രഖ്യാപിച്ചത്.

ലോകകപ്പിന്‍െറ ജന്മഭൂമിയില്‍ തന്നെ സെഞ്ച്വറി ചാമ്പ്യന്‍ഷിപ്പും നടത്തണമെന്നായിരുന്നു 1930ല്‍ ആതിഥേയരായ ഉറുഗ്വായ്യുടെ ആവശ്യം. എന്നാല്‍, 'ബിഡ്' ശ്രമം അട്ടിമറിക്കപ്പെടുമെന്ന അവസ്ഥയില്‍ അര്‍ജന്‍റീനയെ സഹ ആതിഥേയരാക്കി ഉറുഗ്വായ് വേദിക്കായി സജീവമായി രംഗത്തെത്തുകയായിരുന്നു. 1930ല്‍ ലോകകപ്പിന് വേദിയായപ്പോള്‍, കലാശപ്പോരാട്ടത്തില്‍ അര്‍ജന്‍റീനയെ തോല്‍പിച്ച് ഉറുഗ്വായ് കിരീടമണിഞ്ഞിരുന്നു.

ആറു കൂട്ടരാണ് നിലവില്‍  വേദിക്കായി രംഗത്തത്തെിയത്. യൂറോപ്പില്‍നിന്ന് ഇംഗ്ളണ്ട്, തെക്കനമേരിക്കയില്‍നിന്ന് ചിലി, കൊളംബിയ,  ഏഷ്യയില്‍നിന്ന് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ (ആസിയാന്‍), ന്യൂസിലന്‍ഡ്-ആസ്ട്രേലിയ, എന്നിവരാണ് രംഗത്തുള്ള മറ്റു 'ബിഡു'കാര്‍. കൊളംബിയ 2026 ലോകകപ്പിന് വേദിയാവാനും രംഗത്തുണ്ട്. 2017ല്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K