17 December, 2015 05:38:04 PM
പ്രതിഷേധമിരമ്പി ; ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍
തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍, മേള കേരളത്തിന് അനുവദിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് നേരത്തെ കത്തയച്ചിരുന്നുവെങ്കിലും പരീക്ഷകള്‍ നടക്കുന്ന സമയമാകുകയാല്‍ സര്‍ക്കാര്‍ ഒഴിവായതാണ്. ഇതിനെതിരെ കായികരംഗത്തുള്ളവരും അല്ലാത്തവരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മന്ത്രിസഭാ യോഗം വീണ്ടും വിഷയം പരിഗണിച്ചത്.
ഇക്കാര്യം ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനെ അറിയിക്കാനും തീരുമാനമായി. കായികമേള എവിടെ നടത്തണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. കായികമേളയുടെ നടത്തിപ്പില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍മാറിയതോടെയാണ് കേരളത്തിന് നറുക്ക് വീണത്. എന്നാല്‍ കായികമേള നടത്താന്‍ ഉദ്ദേശിക്കുന്ന സമയത്ത് സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയുള്‍പ്പെടെ നടക്കുകയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേണ്ടിവരുമെന്നും കാണിച്ച് കഴിഞ്ഞ മന്ത്രിസഭാ യോഗം മേള കേരളത്തില്‍ വേണ്ടെന്ന് തീരുമാനമെടുത്തു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ കായികമേളകള്‍ നടത്താനുള്ള മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിവാദമായതോടെ കായിക മന്ത്രാലയം രംഗത്തെത്തി. അങ്ങനെ അവര്‍ പിന്മാറുകയും അവസരം കേരളത്തിന് ലഭിക്കുകയും ചെയ്തു.