09 November, 2016 12:10:39 AM


അവസാന മിനിറ്റിൽ വിനീതിന് ഗോൾ, ബ്ലാസ്റ്റേഴ്സിന് 'സൂപ്പർ' വിജയം



കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ അരങ്ങേറ്റത്തില്‍ തന്നെ കണ്ണൂരുകാരന്‍ സി.കെ. വിനീത് കേരള ബ്ളാസ്റ്റേഴ്സിന്‍െറ മാനംകാത്തു. രണ്ടാം പകുതിയില്‍ ഒമ്പതു മിനിറ്റ് നീണ്ട ഇഞ്ചുറി സമയത്തിന്‍െറ അവസാന സെക്കന്‍ഡില്‍ വിനീത് നേടിയ ഗോളില്‍ എഫ്.സി ഗോവക്കെതിരെ ഹോം മത്സരത്തിലും കേരള ബ്ളാസ്റ്റേഴ്സിന് 2-1ന്‍െറ വിജയാവര്‍ത്തനം.


മഞ്ഞപ്പട ഒമ്പതാം മിനിറ്റില്‍ റാഫല്‍ കൊയ്ലോയുടെ ഗോളില്‍ പിന്നിലായെങ്കിലും 48ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് തിരിച്ചടിച്ചതിനു ശേഷമായിരുന്നു വിനീതിന്‍െറ സൂപ്പര്‍ ഗോള്‍. ജയത്തോടെ 12 പോയന്‍റുമായി ബ്ളാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് കുതിച്ച് പ്ളേ ഓഫ് പ്രതീക്ഷകള്‍ വര്‍ണാഭമാക്കി. ഗോവ ഏഴു പോയന്‍റുമായി അവസാന സ്ഥാനത്ത് തുടരുകയാണ്. ബ്ളാസ്റ്റേഴ്സിന്‍െറ മെഹ്താബ് ഹുസൈനാണ് ഹീറോ ഓഫ് ദ മാച്ച്. 12ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെയാണ് കോപ്പലിന്‍െറ കുട്ടികളുടെ അടുത്ത ഹോം മത്സരം. 


ദില്ലിക്കെതിരെ തോറ്റ ടീമില്‍ നാലു മാറ്റങ്ങളുമായാണ് ബ്ളാസ്റ്റേഴ്സ് കളത്തിലത്തെിയത്. ഏഴു മത്സരങ്ങള്‍ക്കുശേഷം ഗ്രഹാം സ്റ്റാക്ക് വെറ്ററന്‍ ഇന്ത്യന്‍ താരം സന്ദീപ് നന്ദിക്ക് പകരം ഗോള്‍വല കാത്തു. പ്രതീക് ചൗധരിയും മുഹമ്മദ് റഫീഖും മൈക്കല്‍ ചോപ്രയും ടീമില്‍ തിരിച്ചത്തെി. ഇഷ്ഫാഖ് അഹ്മദ്, എല്‍ഹാദി എന്‍ഡോയെ, ബോറിസ് കാഡിയോ എന്നിവര്‍ കരക്കിരുന്നു. മുംബൈയില്‍ ഫോട്ടോഷൂട്ട് കഴിഞ്ഞ് ഉച്ചക്ക് ടീമിനൊപ്പം ചേര്‍ന്ന വിനീത് രണ്ടാം പകുതിയില്‍ പകരംവെക്കാനില്ലാത്ത പകരക്കാരനായപ്പോള്‍ റിനോ ആന്‍േറാക്ക് സൈഡ്ബെഞ്ചിലായിരുന്നു സ്ഥാനം. റാഫിയെ മുന്നില്‍ നിര്‍ത്തി 4-2-3-1 ഫോര്‍മേഷനിലായിരുന്നു മഞ്ഞപ്പട പന്തുതട്ടിത്തുടങ്ങിയത്. ഗോവന്‍ നിരയില്‍ ജോഫ്രെ കളിച്ചില്ല. രാജു ഗെയ്ക്വാദിന് കോച്ച് സീക്കോ അവസരം നല്‍കി. പ്രതിരോധം ശക്തപ്പെടുത്തിയ ഗോവ 4-4-2ലേക്ക് തിരിച്ചുവന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K