31 October, 2016 09:09:19 AM


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവക്ക് അഞ്ചാം തോല്‍വി



മഡ്ഗാവ്: സീക്കോയുടെ കുട്ടികള്‍ക്ക് സ്വന്തം ഗ്രൗണ്ടില്‍ സീസണിലെ അഞ്ചാം തോല്‍വി സമ്മാനിച്ച് ദില്ലിയുടെ തിരിച്ചുവരവ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തങ്ങളുടെ ഏഴാം അങ്കത്തിനിറങ്ങിയ ഗോവ അവസരങ്ങള്‍ ഒരുപാട് തുറന്നെങ്കിലും രണ്ടാം പകുതിയില്‍ നാലുമിനിറ്റ് വ്യത്യാസത്തില്‍ ദില്ലി നേടിയ ഗോളില്‍ കളിമാറി. 72ാം മിനിറ്റില്‍ മാഴ്സിന്യോയും 76ാം മിനിറ്റില്‍ റിച്ചാഡ് ഗാഡ്സെയുമാണ് ദില്ലിക്കായി വലനിറച്ചത്. ഇതോടെ, പത്ത് പോയന്‍റുമായി ദില്ലി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.



മലയാളി താരം അനസ് എടത്തൊടികയെ പ്ളെയിങ് ഇലവനില്‍ ഇറക്കിയാണ് ദില്ലി കളിതുടങ്ങിയത്. മുന്‍നിരയില്‍ റിച്ചാഡ് ഗാഡ്സെ, വിങ്ങില്‍ മലൂദയും റൂപര്‍ട് നോണ്‍ഗ്രമും. ഒപ്പം ബ്രൂണോ പെലിസാരിയുടെ മുന്നേറ്റവും. ഗോവയാവട്ടെ സ്വന്തം ഗ്രൗണ്ടില്‍ മൂര്‍ച്ചയേറിയ മുന്നേറ്റവുമായാണ് തുടങ്ങിയത്. സീസര്‍-ജൊഫ്രെ-റാഫേല്‍ കൊയ്ലോ എന്നിവരുടെ ത്രികോണ ആക്രമണം ദില്ലി ഗോളി ടോണി ഡബ്ളാസിനെയും പ്രതിരോധത്തിലെ അനസ്-റുബണ്‍ ഗോണ്‍സാലസ് എന്നിവരെയും ഏറെ പരീക്ഷിച്ചു. ഏതുനിമിഷവും ഗോള്‍ വഴങ്ങാമെന്ന നിലയില്‍നിന്നും പിടിച്ചുനിന്ന്, കിട്ടിയ അവസരം ഗോളാക്കി മാറ്റിയാണ് ദില്ലി കളി ജയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K