30 October, 2016 06:45:59 PM


ടെസ്​റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ ആദ്യ ജയം സ്വന്തമാക്കി ബംഗ്ലാദേശ്​



മിർപുർ:  ടെസ്​റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ജയം സ്വന്തമാക്കി ബംഗ്ലാദേശ്​. മെഹ്ദി ഹസന്റെയും ഷക്കിബ് അൽ ഹസന്റെയും മാരക ബൗളിംഗിന്റെ മികവിൽ ഒറ്റ സെഷനിലാണ് ആതിഥേയർ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. രണ്ടുദിനം ബാക്കിനിൽക്കെ 108 റൺസിനായിരുന്നു ബംഗ്ലാ ജയം. ഇതോടെ പരമ്പര 1–1 സമനിലയിലായി. ആദ്യ ടെസ്റ്റിൽ വിജയത്തിനടുത്തെത്തിയ ശേഷമാണ് ബംഗ്ലാദേശ് തോൽവി വഴങ്ങിയത്.


273 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലീഷ് പട 164 റൺസിന് എല്ലാവരും പുറത്തായി. ഒരുഘട്ടത്തിൽ വിക്കറ്റ് നഷ്‌ടപ്പെടാതെ 100 റൺസ് എന്ന നിലയിൽനിന്ന് ഇംഗ്ലണ്ട്, അവസാന സെഷനിലെ ബംഗ്ലാ ബൗളർമാരുടെ മാസ്മരിക ബൗളിംഗിൽ കീഴടങ്ങുകയായിരുന്നു. മെഹ്ദി ഹസൻ ആറു വിക്കറ്റ് നേടി. 77 റൺസ് വഴങ്ങിയായിരുന്നു മെഹ്ദിയുടെ വിക്കറ്റ് വേട്ട. നാലു വിക്കറ്റുമായി ഷക്കിബ് അൽ ഹസൻ മെഹ്ദിക്കു ശക്​തമായ പിന്തുണ നൽകി.


ഇംഗ്ലണ്ടിന് അലിസ്റ്റർ കുക്കും (59) ബെൻ ഡക്കറ്റും (56) ചേർന്നു മികച്ച തുടക്കം നൽകിയിരുന്നു. തുടർന്നെത്തിയ ആർക്കും ബംഗ്ലാ ബൗളിംഗിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. കുക്കിനും ഡക്കറ്റിനും പുറമേ 25 റൺസ് നേടിയ ബെൻ സ്റ്റോക്സിനു മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. നാല് ഇംഗ്ലീഷ് ബാറ്റ്മാൻമാർ അക്കൗണ്ട് തുറക്കുംമുമ്പ് പുറത്തായി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K