30 October, 2016 06:31:50 PM


ലാലിഗ: ബാഴ്​സിലോണക്കും റയൽമാഡ്രിഡിനും തകര്‍പ്പന്‍ ജയം

മാഡ്രിഡ്​: ലാലീഗയില്‍ കരുത്തര്‍ക്ക് വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേടിയ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് അലാവ്‌സിനെയും, റാഫീഞ്ഞയുടെ ഏകഗോളില്‍ ബാഴ്‌സിലോണ ഗ്രനാഡയെയും തോല്‍പ്പിച്ചു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് മലാഗയെ തകര്‍ത്ത് അത്‌ലറ്റികോ മാഡ്രിഡും ജയം ആഘോഷിച്ചു ഏഴാം മിനുട്ടില്‍ ഗോള്‍ നേടിക്കൊണ്ട് അലാവ്‌സ് റയലിനെ ഞെട്ടിച്ചു. എന്നാല്‍ ഗംഭീര തിരിച്ചുവരവാണ് റയല്‍ പിന്നീട് നടത്തിയത്. പതിനേഴാം മിനുറ്റില്‍ ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റി ഗോളില്‍ റയല്‍ ഒപ്പമെത്തി. 33,88 മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോ ഹാട്രിക്ക് തികച്ചു.


ഇതിനിടെ ഒരു പെനാല്‍റ്റി ക്രിസ്റ്റ്യാനോ പാഴാക്കുകയും ചെയ്തു. 84ാം മിനുറ്റില്‍ മൊറാട്ടയാണ് റയലിന്റെ മറ്റൊരു ഗോള്‍ നേടിയത്. ലാലിഗ സീസണില്‍ സ്വന്തം തട്ടകത്ത് അപരാജിതരായി മുന്നേറിയ അലാവ്‌സിന് റയലിന്റെ കരുത്തിന് മുന്നില്‍ അടിതെറ്റുകയായിരുന്നു. 48ാം മിനുറ്റില്‍ റാഫീഞ്ഞ നേടിയ ഉജ്ജ്വല ഗോളിലാണ് ഗ്രനാഡക്കെതിരെ ബാഴ്‌സലോണയുടെ വിജയം.


നെയ്മറും സുവാരസും നിരവധി തവണ എതിര്‍ ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്തിയെങ്കിലും ഗോള്‍മാത്രം അകന്നും നിന്നു. പത്ത് മത്സരങ്ങളില്‍ 24 പോയിന്റുമായി റയല്‍മാഡ്രിഡാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് . 22 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്തും 21 പോയിന്റുള്ള അത്‌ലറ്റിക്കോമാഡ്രിഡ് മൂന്നാംസ്ഥാനത്തമാണ്. 21 പോയിന്റുള്ള സെവിയ്യ ഗോള്‍ ശരാശരിയില്‍ പിറകിലായതിനാല്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K