29 October, 2016 11:15:02 PM
ഹോക്കി: ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ
മലേഷ്യ: ഹോക്കി ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ. ദക്ഷിണ കൊറിയയെ മറികടന്നാണ് 5-4ന് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ദക്ഷിണ കൊറിയയെ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ നിരയെ നയിച്ച ഗോള്‍കീപ്പർ ശ്രീജേഷാണ് ഇന്ത്യയുടെ വിജയത്തിൽ നിര്‍ണായ പങ്ക് വഹിച്ചത്. മൽസരത്തിനിടെ പല അവസരങ്ങളിലും തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ശ്രീജേഷ് കാണികളുടെ കൈയടി വാങ്ങി.
മലേഷ്യ-പാക്കിസ്ഥാൻ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. മൽസരങ്ങളെല്ലാം ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമിഫൈനലിന് യോഗ്യത നേടിയത്. കളി അവസാനിക്കാൻ ഏഴു മിനിറ്റ് ശേഷിക്കെ 2-1ന് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ട് മിനിറ്റിനുള്ളിൽ സമനില ഗോൾ കണ്ടെത്തിയിരുന്നു. ഇന്ത്യക്കായി തൽവീന്ദർ സിങ് (15), രമൺദീപ് സിങ് (55) എന്നിവർ ഗോളുകൾ നേടി. ഇൻവൂ സിയോ (21), യാങ് ജിഹൂൻ എന്നിവർ കൊറിയക്കായി ഗോളുകൾ നേടി. ഗ്രൂപ്പ് മത്സരങ്ങളിൽ ഇന്ത്യ-ദക്ഷിണ കൊറിയ മൽസരം സമനിലയിൽ അവസാനിച്ചിരുന്നു.