29 October, 2016 11:03:57 PM
ചെന്നൈയിനും ബ്ളാസ്റ്റേഴ്സും സമനിലയില്‍ പിരിഞ്ഞു
ചെന്നൈ: ദീപാവലി നാളില്‍ മറീന അറീനയില്‍ മുന്നേറ്റങ്ങളുടെ വെടിക്കെട്ടും ഗോളിന്‍െറ മത്താപ്പുമൊക്കെ കൊതിച്ചവരെ നിരാശരാക്കി ചെന്നൈയിനും ബ്ളാസ്റ്റേഴ്സും സമനിലയില്‍ പിരിഞ്ഞു. നിര്‍ണായക പോരില്‍ തോല്‍ക്കാതിരിക്കാന്‍ വീറോടെ കൊമ്പുകോര്‍ത്ത ചെന്നൈയിന്‍ എഫ്.സിയും കേരള ബ്ളാസ്റ്റേഴ്സും ഗോള്‍രഹിത സമനില പാലിച്ച് ഓരോ പോയന്‍റ് പങ്കിട്ടു.
ആദ്യപകുതിയില്‍ അമ്പേ നിരാശപ്പെടുത്തിയ ബ്ളാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട കളി കാഴ്ചവെച്ച് നിലവിലെ ചാമ്പ്യന്മാരെ പിടിച്ചുകെട്ടുകയായിരുന്നു. എവേ മത്സരത്തില്‍ സമനില ഒരര്‍ഥത്തില്‍ ബ്ളാസ്റ്റേഴ്സിന് നേട്ടമായി. ഒമ്പതു പോയന്‍റ് വീതമുള്ള ചെന്നൈയിനും ബ്ളാസ്റ്റേഴ്സും യഥാക്രമം നാലും അഞ്ചും സ്ഥാനത്ത് തുടരുന്നു. നവംബര്‍ എട്ടിന് ഗോവക്കെതിരെ കൊച്ചിയിലാണ് ബ്ളാസ്റ്റേഴ്സിന്‍െറ അടുത്ത മത്സരം.