20 October, 2016 05:27:03 PM
ഫിഫ ലോകകപ്പ് കേരളം വേദിയാകുന്നത് മലയാളികള്‍ക്ക് അഭിമാനമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : അണ്ടര്‍ സെവന്റീന്‍ ഫുട്ബോള്‍ ലോകകപ്പിന് കേരളം വേദിയാകുന്നത് മലയാളികള്‍ക്കാകെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തെ ഒരു വേദിയായി ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റേഡിയത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഫിഫയുടെ പ്രഖ്യാപനം.
ഇത്തരത്തില്‍ വലിയൊരു മത്സരത്തിന് വേദിയാകുന്നത് കേരളത്തിന്‍റെ ഫുട്ബോള്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരും. ഫുട്ബോള്‍ കളിയുടെ പ്രചാരത്തിനായി വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു വരുന്ന ഘട്ടത്തില്‍ ലോകകപ്പ് മത്സരത്തിന്‍റെ സാന്നിധ്യം പദ്ധതികളുടെ വേഗത്തിലുള്ള നടത്തിപ്പിനു സഹായകരമാകും. കായികരംഗത്തു പ്രവര്‍ത്തിക്കുന്ന, പ്രത്യേകിച്ചു ഫുട്ബോള്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടേതുമുള്‍പ്പെടെ ഒരു വലിയ വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.