16 October, 2016 11:10:35 PM
ഐഎസ്എല്‍ മൂന്നാം സീസണില്‍ കൊല്‍ക്കത്തയെ സമനിലയില്‍ തളച്ച് ഗോവ
കൊല്‍ക്കത്ത : ഐ എസ് എല്‍ മൂന്നാം സീസണില്‍ ശക്തരായ കൊല്‍ക്കത്തയെ സമനിലയില്‍ തളച്ച് ഗോവ എഫ്.സിക്ക് ആദ്യ പോയന്‍റ്. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കുശേഷം ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങിയ ഗോവ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റിയില്‍ മുന്നേറ്റ താരം ജോഫ്രെ നേടിയ ഗോളിലൂടെയാണ് സമനില പിടിച്ചെടുത്തത്.
മത്സരത്തിന്റെ തുടക്കം മുതല്‍ കളിയുടെ ആധിപത്യം ആതിഥേയരായ കൊല്‍ക്കത്തയ്ക്കായിരുന്നു. ആറാം മിനിറ്റില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ താരം സമീഗ് ദൗത്തിയിലൂടെ കൊല്‍ക്കത്ത മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങല്‍ ലക്ഷ്യം കാണാതെ പോയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ സീക്കോയുടെ താരങ്ങള്‍ ഉണര്‍ന്നു കളിച്ചെങ്കിലും കൊല്‍ക്കത്തയുടെ ഗോളി മജുംദാറിന്റെ മിന്നല്‍ സേവുകള്‍ ഗോളുകള്‍ തട്ടിയകറ്റി. 77-ാം മിനിറ്റില്‍ എടുത്ത കോര്‍ണര്‍ കിക്ക് പെനാല്‍റ്റി ബോക്‌സിനകത്ത് വച്ച് കൊല്‍ക്കത്തന്‍ താരം കൈ കൊണ്ട് തട്ടിയതിന് ലഭിച്ച പെനാല്‍റ്റി പിഴവുകളില്ലാതെ ജോഫ്രെ പോസ്റ്റിലെത്തിച്ചതോടെ അര്‍ഹിച്ച വിജയം കൊല്‍ക്കത്തയുടെ കൈയ്യില്‍ നിന്ന് തട്ടിത്തെറിച്ചു.
സമനിലയോടെ നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി അത്‌ലറ്റിക്കോ ദി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. നാല് മത്സരം കളിച്ച ഗോവ ഒരു പോയന്റോടെ അവസാന സ്ഥാനത്താണ്. വെള്ളിയാഴ്ച മുബൈ സിറ്റിക്കെതിരെയാണ് ഗോവയുടെ അടുത്ത മത്സരം.