16 October, 2016 06:22:58 PM
ഒന്നാം ഏകദിനത്തിൽ ന്യൂസിലൻഡ് 190 റൺസിന് പുറത്ത്
ധർമശാല: ഒന്നാം ഏകദിനത്തിൽ കിവിസിനെതിരെ ഇന്ത്യക്ക് വ്യക്തമായ ബൗളിങ് മേൽക്കൈ. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ബൗളിങിൽ മികച്ച പ്രകടനം പുറത്തെടുത്തു. 43.5 ഒാവറിൽ 190 റൺസെടുക്കുന്നതിനിടെ കിവീസ് നിരയിൽ എല്ലാവരും പുറത്തായി. ടോം ലതാം (79), ടീം സൗത് ലീ (55) എന്നിവർ മാത്രമാണ് കിവീസ് നിരയിൽ തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹർദിക് പാണ്ഡ്യെ, അമിത് മിശ്ര, രണ്ടു വീതം വിക്കറ്റെടുത്ത ഉമേഷ് യാദവ്, കേദാർ ജാദവ് എന്നിവരാണ് കിവികളുടെ പ്രതീക്ഷകൾ ഇല്ലാതാക്കിയത്.
ഹർദിക് പാണ്ഡ്യെ-ഉമേഷ് യാദവ് സഖ്യം കിവി മുൻനിര ബാറ്റിങ്ങിനെ എറിഞ്ഞു വിഴ്ത്തുകയായിരുന്നു. 14 റൺസെടുക്കുന്നതിനിടെ കിവിസിന് ഗുപ്ടിലിൻെറ(12) വിക്കറ്റ് നഷ്ടമായി. പിന്നീട് വില്യംസണും (3) ടെയിലറും (0) ആൻഡേഴ്സണും (4) മടങ്ങി. പന്ത്രണ്ടാം ഒാവറിൽ കിവീസിന് 48 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ടീം സ്കോർ 65 റൺസിലെത്തി നിൽക്കവേ കൊഴിഞ്ഞ വിക്കറ്റുകളുടെ എണ്ണം ഏഴായി.
ടോം ലതാം-സൗത് ലീ സഖ്യമാണ് കിവീസിനെ വൻനാണക്കേടിൽ നിന്നും രക്ഷിച്ചത്. ഒമ്പതാം വിക്കറ്റിൽ ഒത്തു ചേർന്ന ഇരുവരും നിർണായകമായ 71 റൺസ് സന്ദർശകർക്കായി കൂട്ടിച്ചേർത്തു. ടീം സ്കോർ 177 റൺസിലെത്തി നിൽക്കെ സൗത് ലീ വീണു. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ എം.എസ് ധോണിയുടെ കീഴിൽ ഏകദിന പരമ്പരയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.