15 October, 2016 05:25:06 PM
രഞ്ജി ട്രോഫി: ഹിമാചലിനെതിരെ കേരളത്തിന് ആറു വിക്കറ്റ് തോല്‍വി
കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശിനെതിരായ കേരളത്തിന് തോല്‍വി. ആറു വിക്കറ്റിനാണ് ഹിമാചല്‍ പ്രദേശ് കേരളത്തെ പരാജയപ്പെടുത്തിയത്. രണ്ടാമിന്നിങ്സില്‍ കേരളം മുന്നോട്ടു വെച്ച 103 റണ്‍സിലേക്ക് ബാറ്റേന്തിയ ഹിമാചല്‍ പ്രദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ജയത്തോടെ രഞ്ജിയില്‍ ഹിമാചലിന് ആറു പോയിന്‍റായി. രണ്ടാമിന്നിങ്സില്‍ കേരളത്തെ 44.5 ഓവറില്‍ 115 റണ്‍സിന് പുറത്താക്കിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്.
കേരളത്തിന്‍റെ അഞ്ചു ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തു പോയി. സച്ചിന്‍ ബേബിയും സഞ്ജു വി സാംസണും ഒരു റണ്‍ വീതമാണ് സ്കോര്‍ ചെയ്തത്. 15.5 ഓവറില്‍ 37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജി.കെ സിംഗും 14 ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത എം.ജെ ദാഗറുമാണ് ഹിമാചലിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്സില്‍ ജി.കെ സിംഗും എം.ജെ ദാഗറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.
നേരത്തെ ആദ്യ ഇന്നിങ്സില്‍ 61 റണ്‍സ് നേടിയ സച്ചിന്‍ ബേബിയുടെയും 47 റണ്‍സടിച്ച സഞ്ജു വി സാംസണിന്റെയും മികവിലാണ് കേരളം 248 റണ്‍സിലെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍ 261 റണ്‍സടിച്ച് 13 റണ്‍സിന്റെ ലീഡ് നേടി. ഒന്നാമിന്നിങ്സില്‍ ഹിമാചലിനായി പി.എസ് ചോപ്രയും എസ്.എല്‍ വര്‍മ്മയും അര്‍ധ സെഞ്ച്വറി നേടി. കേരളത്തിനായി ആദ്യ ഇന്നിങ്സില്‍ ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തി.