08 October, 2016 05:21:49 PM
കോലിക്ക് സെഞ്ച്വറി, ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ക്യാപ്റ്റന്‍ വിരാട് കോലി സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യ 250 റണ്‍സ് പിന്നിട്ടു. 184 പന്തില്‍ 10 ഫോറിന്‍റെ അകമ്പടിയോടെയാണ് കോലി ശതകം പിന്നിട്ടത്. കോലിയുടെ 13ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. അര്‍ധ സെഞ്ച്വറി നേടിയ അജിങ്ക്യെ രഹാനെ കോലിക്ക് മികച്ച പിന്തുണ നല്‍കി.
ഏറെക്കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഗംഭീറിന് പക്ഷേ അവസരം മുതലാക്കാനായില്ല. 53 പന്തില്‍ 29 റണ്‍സെടുത്ത് നില്‍ക്കെ ബൗള്‍ട്ടിന്‍റെ പന്തില്‍ ഗംഭീര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 10 റണ്‍സെടുത്ത മുരളി വിജയിയെ ജീതന്‍ പട്ടേല്‍ പുറത്താക്കി. മൂന്നാമനായി ഇറങ്ങിയ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറയിട്ടത്. 108 പന്തില്‍ 41 റണ്‍സെടുത്ത പൂജാര ഗംഭീറുമായി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാന്റ്നറാണ് പൂജാരയെ പുറത്താക്കിയത്.
മത്സരത്തില്‍ അജിങ്ക്യെ രഹാനെ 2000 ടെസ്റ്റ് റണ്‍സും പിന്നിട്ടു. 49 ഇന്നിങ്സുകളില്‍ നിന്നാണ് രഹാനെ 2000 ക്ലബ്ബിലെത്തിയത്. 2000 റണ്‍സ് തികക്കുന്ന 36ാമത്തെ ഇന്ത്യന്‍ താരമാണ് രഹാനെ.