08 October, 2016 11:56:12 AM
ദേശീയ ജഴ്സിയില്‍ റൊണാള്‍ഡോയുടെ മടങ്ങിവരവ്! പോര്‍ച്ചുഗലിന് 6 ഗോള്‍ ജയം
ലിസ്ബണ്‍ : യൂറോകപ്പ് ഫൈനലില്‍ പരുക്കേറ്റ് വീണ് കളിയുടെ തുടക്കത്തില്‍ തന്നെ പുറത്തുപോകേണ്ടിവന്നതിന്റെ കേടത്രയും പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പലിശ സഹിതം തീര്‍ത്തു. അതും പരുക്കുമാറി ദേശീയ ജഴ്സിയില്‍ കളിക്കാന്‍ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ. ഫലം, അന്‍ഡോറയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ പോര്‍ച്ചുഗലിന് ആറു ഗോള്‍ ജയം. അതില്‍ ഹാട്രിക്കുള്‍പ്പെടെ നാലു ഗോളും (2, 4, 47, 68) റൊണാള്‍ഡോ വക!
പരുക്കിനുശേഷം റയല്‍ മഡ്രിഡിനായും മികച്ചൊരു പ്രകടനം പുറത്തെടുക്കാനായിട്ടില്ലെന്ന പോരായ്മ റൊണാള്‍ഡോയ്ക്കിനി മറക്കാം. കവാസോ കാന്‍സലോ (44), വാലെന്റെ സില്‍വ (86) എന്നിവരുടെ വകയായിരുന്നു പോര്‍ച്ചുഗലിന്റെ മറ്റു ഗോളുകള്‍. ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ 3-0ന് മുന്നിലായിരുന്നു. മല്‍സരം തുടങ്ങി നാലു മിനിറ്റിനുള്ളില്‍ രണ്ടു വട്ടം വല ചലിപ്പിച്ച റൊണാള്‍ഡോ, വരാനിരിക്കുന്ന വിപത്തിന്റെ സൂചനകള്‍ അന്‍ഡോറ താരങ്ങളെ ഓര്‍മപ്പെടുത്തി. രണ്ടാം മിനിറ്റില്‍ത്തന്നെ തകര്‍പ്പനൊരു ഷോട്ടിലൂടെ വലകുലുക്കിയ റൊണാള്‍ഡോ, റിക്കോര്‍ഡോ ക്വറേസ്മയുടെ ക്രോസിന് തലവച്ച് നാലാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ, 68-ാം മിനിറ്റില്‍ നാലാം ഗോളും നേടി.
റൊണാള്‍ഡോയുടെ കരിയറിലെ 42-ാം ഹാട്രിക്കാണിത്. ഇന്നത്തെ നാലു ഗോള്‍ നേട്ടത്തോടെ റൊണാള്‍ഡോയുടെ കരിയറിലെ ഗോള്‍നേട്ടം 65 ആയി ഉയര്‍ന്നു. 134 മല്‍സരങ്ങളില്‍നിന്നാണ് റൊണാള്‍ഡോയുടെ ഈ നേട്ടം. ഇനിയുള്ള എട്ടു ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ കൂടി വിജയിച്ച് റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള അവസരം ഉറപ്പിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് മല്‍സരശേഷം റൊണാള്‍ഡോ പറഞ്ഞു. ഫറോ ഐലന്‍ഡ്സിനെതിരെ തിങ്കളാഴ്ചയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മല്‍സരം. പരുക്കുമൂലം റൊണാള്‍ഡോ പുറത്തിരുന്ന ആദ്യ യോഗ്യതാ മല്‍സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോറ്റിരുന്നു.
ചുവപ്പു കാര്‍ഡ് കണ്ട രണ്ടു താരങ്ങള്‍ പുറത്തുപോയതിനെ തുടര്‍ന്ന് 9 പേരുമായാണ് അന്‍ഡോറ മല്‍സരം പൂര്‍ത്തിയാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിന് ജോര്‍ഡി റൂബിയോ 62-ാം മിനിറ്റിലും മാര്‍ക്ക് റിബസ് 71-ാം മിനിറ്റിലും പുറത്തുപോയി. ഇന്നലെ നടന്ന മറ്റു മല്‍സരങ്ങളില്‍ ഫ്രാന്‍സ് ബള്‍ഗേറിയയേയും (4-1), ലക്സംബര്‍ഗ് സ്വീഡനേയും (1-0), ഹോളണ്ട് ബെലാറസിനേയും (4-0), സ്വിറ്റ്സര്‍ലന്‍ഡ് ഹംഗറിയേയും (3-2), ഫറോ ഐലന്‍ഡ്സ് ലാത്വിയയേയും (2-0), ബെല്‍ജിയം ബോസ്ഹെര്‍സിനേയും (4-0), ഗ്രീസ് സൈപ്രസിനേയും (2-0), ജിബ്രാള്‍ട്ടര്‍ എസ്തോണിയയേയും (4-0) തോല്‍പ്പിച്ചു.