25 September, 2016 01:43:53 PM


ന്യൂസീലന്‍ഡിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച ലീഡ്



കാണ്‍പുര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച ലീഡ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 215 റണ്‍സിന്റെ മികച്ച ലീഡ് കരസ്ഥമാക്കിക്കഴിഞ്ഞു ആതിഥേയര്‍. ന്യൂസീലന്‍ഡിന്റെ ഒന്നാമിന്നിങ്സ് 262 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന നിലയിലാണ്. 38 റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സോധിയുടെ പന്തില്‍ ടെയ്ലറാണ് ക്യാച്ചെടുത്തത്.


52 റണ്‍സില്‍ ആദ്യ വിക്കറ്റ് വീണെങ്കിലും തുടര്‍ന്ന് കൂട്ടുചേര്‍ന്ന മുരളി വിജയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് നേടിയ സെഞ്ച്വറി കൂട്ടുകെട്ടിലൂടെയാണ് ഇന്ത്യ തിരിച്ചുവന്നത്. 107 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇതുവരെ അവര്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. മുരളി വിജയ് 152 പന്തില്‍ നിന്ന് 64 ഉം പൂജാര 80 പന്തില്‍ നിന്ന് 50 ഉം റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്.


രവീന്ദ്ര ജഡേജയുടെ കിടയറ്റ ബൗളിങ്ങിലാണ് ഇന്ത്യ കിവീസിനെ വരിഞ്ഞുകെട്ടിയത്. ഒന്നിന് 152 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ന്യൂസീലന്‍ഡിന്റെ നില ഉച്ചവരെ ഏറെക്കുറെ ഭദ്രമായിരുന്നു. ലതാമും കെയ്ന്‍ വില്ല്യംസണും ചേര്‍ന്ന രണ്ടാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ടിലാണ് കിവീസ് ഇന്ത്യയെ വിറപ്പിച്ചത്. 2010നുശേഷം കിവീസ് ഏഷ്യാ വന്‍കരയില്‍ നേടുന്ന ആദ്യത്തെ സെഞ്ച്വറി കൂട്ടുകെട്ടായിരുന്നു ഇത്.


ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ചിന് 238 റണ്‍സ് എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. ജഡേജ തൊണ്ണൂറ്റിയഞ്ചാം ഓവര്‍ എറിയാന്‍ എത്തിയതോടെ കഥ മാറി. രണ്ടാം പന്തില്‍ ക്രെയ്ഗ് (2) പുറത്ത്. തൊട്ടടുത്ത പന്തില്‍ റണ്ണെടുക്കാത്ത സോധിയെയും വിക്കറ്റിന് മുന്നില്‍ കുടുക്കി മടക്കി. ഓവറിന്റെ അവസാന പന്തില്‍ ബൗള്‍ട്ടിനെ ശര്‍മയുടെ കൈയിലെത്തിച്ച്‌ കിവീസിന്റെ കഥ കഴിച്ചു. ഏഴ് റണ്ണെടുക്കുന്നതിനിടെ കിവീസിന് അവസാന അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. 34 ഓവറില്‍ അഞ്ച് വിക്കറ്റെടുത്ത ജഡേജ തന്നെയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ കേമന്‍. അശ്വിന്‍ 30.5 ഓവറില്‍ നാലു വിക്കറ്റ് സ്വന്തമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K