22 September, 2016 12:13:43 PM
കാണ്‍പൂരില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ ബാറ്റിങ്ങില്‍
കാണ്‍പൂര്‍: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. സ്പിന്നിനെ തുണയ്ക്കുന്ന കാണ്‍പൂരിലെ പിച്ച് ആദ്യ ദിവസങ്ങളില്‍ ബാറ്റിങ്ങിന് അനുകൂലമായിരിക്കും എന്നാണ് വിലയിരുത്തല്‍. ആറ് ബാറ്റ്‌സ്മാന്‍മാരും മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇന്ത്യയുടെ അഞ്ഞൂറാമത്തെ ടെസ്റ്റാണ് കാണ്‍പൂരിലേത്.
ന്യൂസിലന്‍ഡ് ടീം - വില്യംസണ്‍, ബോള്‍ട്ട്, ബ്രേസ്വെല്‍, ക്രെയ്ഗ്, ഗുപ്റ്റില്‍, മാറ്റ് ഹെന്‍റി, ലതാം, ഹെന്‍റി നിക്കോളസ്, ല്യൂക് റോഞ്ചി, സാന്‍റ്നര്‍, സോധി, റോസ് ടെയ്ലര്‍, വാഗ്നര്‍, വാട്ട്ലിങ്.
1998ന് ശേഷം ന്യൂസിലന്‍ഡ് ഒരു ടെസ്റ്റ് പോലും ഇന്ത്യയില്‍ ജയിച്ചിട്ടില്ല. കഴിഞ്ഞ 14 ടെസ്റ്റിലും തോല്‍വിയോ സമനിലയോ ആയിരുന്നു ഫലം. അതേസമയം, നാട്ടില്‍ കളിച്ച കഴിഞ്ഞ പത്ത് ടെസ്റ്റില്‍ ഒമ്പതിലും ഇന്ത്യയാണ് വിജയക്കൊടി പാറിച്ചത്. മഴമൂലം സമനിലയിലായ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം മാത്രമാണ് ഇതിന് അപവാദം.
500ന്‍െറ നാഴികക്കല്ല് പിന്നിടുന്ന മത്സരത്തില്‍ ഇന്ത്യ ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ കിവികളെ കാത്തിരിക്കുന്നത് കറക്കി വീഴ്ത്തുന്ന വാരിക്കുഴിയാണ്. ഇത് മുന്നില്‍കണ്ട് രണ്ട് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരുമായാണ് ന്യൂസിലന്‍ഡ് ഇന്ത്യയിലത്തെിയിരിക്കുന്നത്.
സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായ അശ്വിനും അമിത് മിശ്രക്കും പുറമെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് കരുതുന്നു. ഇശാന്ത് ശര്‍മക്ക് ഡെങ്കിപ്പനി പിടിപെട്ട സാഹചര്യത്തില്‍ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമായിരിക്കും പേസ് നിരയെ നയിക്കുക.
കാര്യമായ പരിശീലന മത്സരങ്ങളില്ലാതെയാണ് ന്യൂസിലന്‍ഡ് കാണ്‍പുരിലത്തെിയത്. യുവനിരയുമായിറങ്ങുന്ന സന്ദര്‍ശക ടീമില്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്ലര്‍ക്കും മാര്‍ട്ടിന്‍ ഗുപ്റ്റിലിനും ഇന്ത്യയില്‍ ടെസ്റ്റ് കളിച്ച് പരിചയമുണ്ട്. പേസ് ബൗളര്‍ ടിം സൗത്തി പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതാണ് അവര്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. നട്ടെല്ലിനേറ്റ പരിക്ക് മൂലം ഓള്‍ റൗണ്ടര്‍ ജെയിംസ് നീഷമും ആദ്യ ടെസ്റ്റിനുണ്ടാവില്ല. സ്പിന്നര്‍മാരായ മിച്ചല്‍ സാന്‍റ്നറിലും സോധിയിലുമാണ് ന്യൂസിലന്‍ഡിന്‍െറ പ്രതീക്ഷയും ഇന്ത്യയുടെ പേടിയും. ഇന്ത്യയില്‍ നടന്ന 20ട്വന്‍റി ലോകകപ്പില്‍ ബാറ്റിങ് വിക്കറ്റുകളില്‍ പോലും ഇവര്‍ നന്നായി ബൗള്‍ ചെയ്തിരുന്നു.