14 September, 2016 05:30:45 PM
സിമോണ ബില്‍സും സെറീന വില്യംസും ഉത്തേജകമരുന്ന് വിവാദത്തില്‍
മോൺട്രിയോൾ: അമേരിക്കൻ ജിംനാസ്റ്റിക്സ് താരം സിമോണ ബില്‍സും ടെന്നിസ് താരം സെറീന വില്യംസും ഉത്തേജകമരുന്ന് വിവാദത്തില്‍. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ)യുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് രഹസ്യ സ്വഭാവമുള്ള മെഡിക്കൽ ഫയലുകൾ ചോർത്തിയ ഫാൻസി ബിയേഴ്സ് എന്നു പേരുള്ള റഷ്യന്‍ ഹാക്കര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെബ്‌സൈറ്റിനു നേരെ ആക്രമണമുണ്ടായി എന്ന വാഡ ഡയറക്ടറുടെ വെളിപ്പെടുത്തിലിന് പിന്നാലെയാണ് റഷ്യൻ ഹാക്കർമാർ ഇക്കാര്യം വ്യക്തമാക്കുന്നത്.
സെറീന വില്യംസും സിമോണ ബില്‍സും മരുന്ന് ഉപയോഗിക്കുന്നവരാണ്. പരിശോധനഫലങ്ങൾ വാഡയുടെ വെബ്സൈറ്റുകളിലുണ്ട്. അമേരിക്കൻ വിധേയത്വത്തിന്റെ ഭാഗമായി ഈ റിപ്പോർട്ടുകൾ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്നിങ്ങനെയാണ് ആരോപണങ്ങൾ. റിയോ ഒളിംപിക്സില്‍ നാലുസ്വര്‍ണം നേടിയ സിമോണ ഒളിംപിക്സിനു മുന്‍പുള്ള ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. 2010 മുതല്‍ ഹൈഡ്രോമോര്‍ഫോണ്‍ പോലുള്ള നിരോധിത മരുന്നുകള്‍ ഉപയോഗിക്കുന്നയാളാണ് സെറീന.
അതേസമയം ഹാക്കർമാരെ തള്ളി വാഡയെത്തി. ഒളിംപിക്സില്‍നിന്നും റഷ്യയെ വിലക്കിയ തങ്ങളുടെ നടപടിക്കെതിരായ നീക്കം മാത്രമാണിതെന്ന് വാഡ പ്രതികരിച്ചു. പരിശോധനകള്‍ക്ക് ഇനിയും സമയമുണ്ടെന്നും ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും ആരോപണ വിധേയരായ താരങ്ങൾ വ്യക്തമാക്കി.