09 September, 2016 02:55:14 PM
അഖിലേന്ത്യാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നാളെ ഏറ്റുമാനൂരില്‍
കോട്ടയം: ജപ്പാന്‍ ഷോട്ടോക്കാന്‍ കരാട്ടെ അസോസിയേഷന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഖിലേന്ത്യാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഏറ്റുമാനൂരില്‍ നടക്കും. 2020ലെ ടോക്കിയോ ഒളിമ്പിക്സില്‍ കരാട്ടെ മത്സര വിഭാഗമാക്കിയശേഷം കോട്ടയം ജില്ലയില്‍ നടക്കുന്ന ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം പേര്‍ പങ്കെടുക്കും.
10ന് രാവിലെ 9 മണിക്ക് വെട്ടിമുകള്‍ അമലാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ് സായി ബ്രൂസി, ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും. ജപ്പാന്‍ ഷോട്ടോക്കാന്‍ കരാട്ടെ അസോസിയേഷന്‍ ഇന്ത്യന്‍ ചീഫ് പി.കെ.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ഒരു മിനിറ്റിനുള്ളില്‍ 136 തേങ്ങ ഉടച്ച് റിക്കോര്‍ഡ് സ്ഥാപിച്ചതുള്‍പ്പെടെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ പ്രകടനങ്ങള്‍ കാഴ്ചവെച്ച അഭീഷ് പി ഡൊമിനിക്കിനെ ചടങ്ങില്‍ ആദരിക്കും.
ബംഗളരു, മംഗളരു, എറണാകുളം, തൃശൂര്‍, വര്‍ക്കല തുടങ്ങി കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സുപ്രസിദ്ധരായ കരാട്ടെ അഭ്യാസികളുടെ നേതൃത്വത്തിലുള്ള പ്രദര്‍ശന മത്സരം ഞായറാഴ്ച വൈകിട്ട് 5ന് നടക്കും. സെന്‍സായി റവ.ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലാണ് ടൂര്‍ണമെന്‍റിന്‍റെ ചെയര്‍മാന്‍. രണ്ടു ദിവസങ്ങളിലായി പുരുഷ, വനിതാ വിഭാഗങ്ങളിലായി 167 കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടക്കുകയെന്ന് ജപ്പാന്‍ ഷോട്ടോക്കാന്‍ കരാട്ടെ അസോസിയേഷന്‍ കേരളാ ചീഫും ഓര്‍ഗനൈസറുമായ വിനോദ് മാത്യു വയല, റ്റിറ്റോ കെ.സണ്ണി, സലിം എന്‍.ജി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.