02 September, 2016 06:05:26 PM
ഫുട്ബോള്‍ താരലേല വിപണിയില്‍ റെക്കോഡിട്ട് ഇംഗ്ളീഷ് ക്ളബ്ബുകള്‍
ലണ്ടന്‍ : 10,335 കോടി രൂപ വിപണിയില്‍ ഒഴുക്കി ഫുട്ബോള്‍ താരലേലത്തില്‍ സര്‍വകാല റെക്കോഡിട്ട് ഇംഗ്ളീഷ് ക്ളബ്ബുകള്‍. അവസാനദിനം 1364 കോടി രൂപ ക്ളബ്ബുകള്‍ മുടക്കി. 13 ക്ളബ്ബുകള്‍ പണമൊഴുക്കിയതില്‍ റെക്കോഡിട്ടു. ഇതാദ്യമായാണ് തുക 10,000 കോടി രൂപ കടക്കുന്നത്. കഴിഞ്ഞവര്‍ഷം 7656 കോടി രൂപയായിരുന്നു. ഈ തുക വേനല്‍ക്കാല വിപണി അവസാനിക്കുന്നതിന് രണ്ടുദിവസംമുമ്പുതന്നെ ഇക്കുറി മറികടന്നു. ഒരു ക്ളബ് ശരാശരി 528 കോടി രൂപയാണ് അന്ത്യദിനം മുടക്കിയത്. ഇതും റെക്കോഡാണ്.
ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന അഴ്സണല്‍, ലെസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം ഹോട്സ്പര്‍ ടീമുകള്‍ 3388 കോടി രൂപ മുടക്കി. അന്ത്യദിനം കൂടുതല്‍ പണം മുടക്കിയത് ചെല്‍സിയും നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്ററുമായിരുന്നു. മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇക്കുറിയും പണം വാരിയെറിഞ്ഞു. 1400 കോടി രൂപയില്‍ കൂടുതല്‍ ഇരുടീമും കളിക്കാരെ കൊണ്ടുവരാന്‍ ചെലവഴിച്ചു. ഹൊസെ മൊറീന്യോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ തുക മുടക്കി ഫ്രഞ്ച് കളിക്കാരന്‍ പോള്‍ പോഗ്ബയെ കൂടാരത്തിലെത്തിച്ചു. ഇറ്റാലിയന്‍ ക്ളബ് യുവന്റസില്‍നിന്ന് 773 കോടി രൂപ മുടക്കിയാണ് മൊറീന്യോ പോഗ്ബയെ തിരികെയെത്തിച്ചത്. അര്‍മേനിയയുടെ ഹെന്റിക് മികിതര്യാന്‍, ഐവറി കോസ്റ്റ് പ്രതിരോധ കളിക്കാരന്‍ എറിക് ബെയ്ലി എന്നിവര്‍ക്കായി 264 കോടി രൂപ ചെലവഴിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റിയും മോശമാക്കിയില്ല. പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള മികച്ച കളിക്കാരെ റാഞ്ചി. അതിനായി കൂടുതല്‍ പണമൊഴുക്കി. എവര്‍ടണിന്റെ പ്രതിരോധ കളിക്കാരന്‍ ജോണ്‍ സ്റ്റോണ്‍സിനെ ഗ്വാര്‍ഡിയോള കൊണ്ടുവന്നത് 418 കോടി രൂപയ്ക്ക്. ഫ്രഞ്ച് താരം ലെറോയ് സാനെയെ ഷാല്‍ക്കെയില്‍നിന്ന് 325 കോടി രൂപയ്ക്കും സിറ്റിയിലെത്തിച്ചു. ഗോളി ജോ ഹാര്‍ട്ട്, മധ്യനിരതാരം സമീര്‍ നസ്റി, സ്ട്രൈക്കര്‍ വില്‍ഫ്രഡ് ബോണി, പ്രതിരോധ കളിക്കാരന്‍ ഇലയ്ക്വിം മംഗാള എന്നിവരെ സിറ്റി വിറ്റു.
കഴിഞ്ഞ സീസണിലെ തകര്‍ച്ചയ്ക്കുശേഷം കരുത്തുനേടാന്‍ ആഗ്രഹിക്കുന്ന ചെല്‍സി അന്ത്യദിനം വമ്പന്‍ കരാറുകള്‍ നടത്തി. ഉടമ റൊഹാന്‍ അബ്രാമോവിച്ച് പുതിയ പരിശീലകന്‍ അന്റോണിയോ കോന്റെയ്ക്ക് പൂര്‍ണസ്വാത്വന്ത്യം നല്‍കി. ഫ്രഞ്ച് ക്ളബ് പിഎസ്ജിയിലേക്കുപോയ ബ്രസീല്‍ കളിക്കാരന്‍ ഡേവിഡ് ലൂയിസിനെ തിരികെ കൊണ്ടുവരികയായിരുന്നു കോന്റെ. 299 കോടി രൂപ ലൂയിസിനായി മുടക്കി. വേനല്‍ക്കാല വിപണിയില്‍ ആകെ 1055 കോടി രൂപയാണ് ചെല്‍സി ഒഴുക്കിയത്. മാഴ്സെയില്‍നിന്ന് ബല്‍ജിയം സ്ട്രൈക്കര്‍ മിക്കി ബത്ഷുവായിക്കായി 290 കോടി രൂപ മുടക്കി. ഫിയന്റീനയില്‍നിന്ന് മാര്‍കോ അലോണ്‍സെയെ കൊണ്ടുവന്നു. ചെല്‍സിയുടെ ഒട്ടേറെ കളിക്കാര്‍ വായ്പാടിസ്ഥാനത്തില്‍ മറ്റു ക്ളബ്ബുകള്‍ക്കായി കളിക്കുന്നുണ്ട്. ഇതില്‍ യുവാന്‍ കൌദ്രാദോ യുവന്റസിനായി വായ്പാടിസ്ഥാനത്തില്‍ മൂന്നുവര്‍ഷം കളിക്കും.
നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയും അവസാനദിനം വന്‍ തുക ചെലവഴിച്ചു. സ്പോര്‍ടിങ് ലിസ്ബണില്‍നിന്ന് ഇസ്ളാം സ്ളിമാനിയെ ക്ളബ്ബിന്റെ റെക്കോഡ് തുകയായ 250 കോടി രൂപയ്ക്ക് ലെസ്റ്റര്‍ കൊണ്ടുവന്നു. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. അഴ്സണില്‍നിന്ന് ജാക് വില്‍ഷെറി ബോണിമൌത്തിലേക്ക് മാറി. ലിവര്‍പൂളിന്റെ മരിയോ ബലോടെല്ലി ഫ്രഞ്ച് ക്ളബ് നീസെയിലെത്തി. ന്യൂകാസില്‍ യുണൈറ്റഡില്‍നിന്ന് മൌസ സിസോക്കോയെ ടോട്ടനം ഹോട്സ്പര്‍ സ്വന്തമാക്കി.