30 August, 2016 02:29:06 PM
2012 ഒളിമ്പിക്സിൽ റഷ്യൻ താരം മരുന്നടിച്ചു; ഇന്ത്യയ്ക്ക് കിട്ടിയ വെങ്കലം വെള്ളി മെഡലായി
ദില്ലി: 2012 ലണ്ടൻ ഒളിമ്പിക്സിൽ പുരുഷൻമാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ വെങ്കല മെഡൽ ജേതാവായിരുന്ന ഇന്ത്യയുടെ യോഗേശ്വർ ദത്തിന്‍റെ നേട്ടം വെള്ളിയായി.
ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ പരിശോധനയിൽ ലണ്ടനിൽ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതും തുടർന്ന് യോഗേശ്വറിന്റെ വെങ്കല മെഡൽ വെള്ളി മെഡലായതും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ സുശീൽ കുമാറിന് ശേഷം ഒളിമ്പിക് ഗുസ്തിയിൽ വെള്ളിമെഡൽ നേടുന്ന താരമായി മാറി യോഗേശ്വർ ദത്ത്.
നാലു തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവുമായ ബെസിക് 2013ൽ റഷ്യയിലുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ലണ്ടൻ ഒളിമ്പിക്സ് സമയത്ത് കണ്ടെത്തിയ സാമ്പിളാണ് റിയോ ഒളിമ്പിക്സിന് മുന്നോടിയായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വീണ്ടും പരിശോധിച്ചത്. കുഡുഗോവ് ഉൾപ്പെടെ അഞ്ച് താരങ്ങളെ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. റിയോയിൽ ഏറെ പ്രതീക്ഷയോടെ മൽസരത്തിനിറങ്ങിയ യോഗേശ്വർ ദത്ത് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.