23 August, 2016 11:47:06 AM


റിയോ: ഗുസ്തിയില്‍ മെഡല്‍ നേടിയ സാക്ഷി മാലികിന് ന്യൂഡല്‍ഹിയില്‍ വൻ വരവേൽപ്പ്



ദില്ലി: റിയോ ഒളിമ്പിക്സ് ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലികിന് ദില്ലിയിലും ജന്മനാട്ടിലും വൻ വരവേൽപ്പ്. പുലർച്ചെ 3.50ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സാക്ഷിയെ ഹരിയാന സര്‍ക്കാര്‍ പ്രതിനിധികളായി അഞ്ചു മന്ത്രിമാര്‍ സ്വീകരിച്ചു. ഹരിയാന കായിക മന്ത്രി അനിൽ വിജ് സാക്ഷിയെ അനുഗമിച്ചിരുന്നു.

ഡൽഹിയിൽ ലഭിച്ച വൻ വരവേൽപ്പ് അത്ഭുതപ്പെടുത്തിയെന്നും മഹത്തായ അനുഭവമാണെന്നും സാക്ഷി പറഞ്ഞു. ഈ നിമിഷത്തെ അഭിമാനത്തോടെ കാണുന്നുവെന്നും സാക്ഷി കൂട്ടിച്ചേർത്തു. രാജ്യത്തിനായി ഒളിമ്പിക്സ് മെഡൽ നേടുക എന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്ന് സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 12 വർഷങ്ങളായി ഇതിനുള്ള തയാറെടുപ്പിലായിരുന്നു. 

ഒളിമ്പിക്സ് മെഡല്‍ ജേതാവിനായി വന്‍ സ്വീകരണ പരിപാടികളാണ് ജന്മനാടായ റോത്തക്കിലെ മൊഖ്രയില്‍ ഒരുക്കിയിരിക്കുന്നത്. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയില്‍നിന്ന് ജന്മനാട്ടിലേക്ക് സ്വീകരിച്ചാനയിക്കും. സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും പങ്കെടുക്കും. സര്‍ക്കാറിന്‍െറ സമ്മാനമായ 2.5 കോടി രൂപയും കൈമാറും.

സമാപന ചടങ്ങില്‍ ഇന്ത്യയുടെ പതാക വാഹകയായിരുന്നു സാക്ഷി. ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ പി.വി. സിന്ധുവിന് ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം ഉജ്ജ്വല വരവേല്‍പ് നല്‍കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K