22 August, 2016 03:20:16 PM
സിന്ധുവിന് ജന്മനാട്ടില്‍ വന്‍ വരവേല്‍പ്പ്
റിയോ: ഒളിമ്പിക്സില്‍ ബാഡ്മിന്‍റണ്‍ സിംഗ്ള്‍സില്‍ വെള്ളി നേടി രാജ്യത്തിന്‍റെ അഭിമാനമായ പി.വി. സിന്ധു ജന്മനാടിന്‍റെ വന്‍വരവേല്‍പ്പ്. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ താരത്തിനും കോച്ച് പി. ഗോപീചന്ദിനും ഗംഭീര വരവേല്‍പ്പാണ് തെലങ്കാന സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. ആയിരക്കണക്കിന് ആരാധകരാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്.
അലങ്കരിച്ച തുറന്ന വാഹനത്തില്‍ സിന്ധുവിനെയും ഗോപിചന്ദിനെയും ഗച്ചിബൗളി സ്റ്റേഡിയത്തിലേക്ക് ഘോഷയാത്രയായി എത്തിച്ചു. ഗച്ചിബൗളി സ്റ്റേഡിയത്തില്‍ സ്വീകരണച്ചടങ്ങിനായി വാദ്യമേളങ്ങളും കലാപാരിപാടികളും ഒരുക്കിയിരുന്നു. തെലങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലിയും മറ്റ് മന്ത്രിമാരും സിന്ധുവിനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തിയിരുന്നു.
സിന്ധുവിന് അഞ്ചു കോടി രൂപയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പാരിതോഷികം പ്രഖ്യാപിച്ചത്. ഗച്ചിബൗളിയിലെ പുല്ളേല ഗോപിചന്ദ് അക്കാദമിക്കു സമീപം 1000 ചതുരശ്ര വാര സ്ഥലവും നല്‍കും. സിന്ധുവിന് സമ്മതമാണെങ്കില്‍ സര്‍ക്കാര്‍ ജോലിയും നല്‍കും. കോച്ച് ഗോപീചന്ദിന് ഒരു കോടി രൂപയാണ് സമ്മാനം.
ആന്ധ്ര, തെലങ്കാന സര്‍ക്കാറുകള്‍ സിന്ധുവിനെ 'സ്വന്തമാക്കാന്‍' മത്സരത്തിലാണ്. ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു മൂന്നു കോടി രൂപയും ഭാവി തലസ്ഥാനമായ അമരാവതിയില്‍ 1000 ചതുരശ്ര വാര ഭൂമിയുമാണ് വാഗ്ദാനം ചെയ്തത്. ആന്ധ്രയില്‍ ഗ്രൂപ് വണ്‍ ഓഫിസര്‍ പദവിയും വാഗ്ദാനമുണ്ട്. ബി.പി.സി.എല്ലില്‍ ഉദ്യോഗസ്ഥയായ സിന്ധുവിന് കമ്പനി ഡെപ്യൂട്ടി മാനേജറായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.
ഗോപീചന്ദിന് 50 ലക്ഷം രൂപയും അമരാവതിയില്‍ അക്കാദമി തുടങ്ങാന്‍ ഭൂമിയും ചന്ദ്രബാബു നായിഡു നല്‍കും. ഗോപീചന്ദിന്‍െറ കാര്യത്തിലും ഇരു സര്‍ക്കാറുകളും അവകാശവാദത്തിലാണ്. ആന്ധ്രയിലെ പ്രകാശം ജില്ലക്കാരനാണ് ഗോപി. ബാഡ്മിന്‍റണ്‍ അക്കാദമി തുടങ്ങാന്‍ സകലസഹായം നല്‍കിയതും അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവായിരുന്നു. വിഭജനത്തിനുശേഷം തെലങ്കാനയിലാണ് അക്കാദമി. സംസ്ഥാന ബാഡ്മിന്‍റണ്‍ അസോസിയേഷന്‍െറ സെക്രട്ടറി കൂടിയാണ് ഗോപി. അതേസമയം, സിന്ധു തെലങ്കാനക്കാരിയാണെന്ന് ഉറപ്പിക്കാന്‍ തെലങ്കാനയിലെ ഒൗദ്യോഗിക ഉത്സവമായ ബൊണാലുവില്‍ പങ്കെടുക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്.