22 August, 2016 12:02:57 PM
റിയോഒളിമ്പിക്സ് സമാപിച്ചു,അടുത്ത ഒളിമ്പിക്സ് മാമാങ്കം 2020ല്‍ ടോക്യോയില്‍
റിയോ: ബ്രസീലിലെ ഒളിമ്പിക്സിന് വര്‍ണവിസ്മയത്തില്‍ തീര്‍ത്ത സമാപനം. മരക്കാന സ്റ്റേഡിയത്തില്‍ പോരാട്ടവീര്യത്തിന്റേയും വിശ്വ ഐക്യത്തിന്റേയും സന്ദേശം ഉയര്‍ത്തി തുടക്കം കുറിച്ച ഒളിമ്പിക്സ് അമേരിക്കയുടെ കിരീടധാരണത്തോടെയാണ് സമാപിച്ചത്. ബ്രസീലിന്റെ സാംസ്കാരികത്തനിമ ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു സമാപന ചടങ്ങുകള്‍ . 2020ല്‍ ജപ്പാനിലെ ടോക്ക്യോയിലാണ് അടുത്ത ഒളിമ്പിക്സ് മാമാങ്കം.
എട്ടുവര്‍ഷംമുമ്പ് ആതിഥേയരായ ചൈനയ്ക്കു പിന്നില്‍ രണ്ടാമതായിരുന്നു അമേരിക്ക. എന്നാല്‍, കഴിഞ്ഞതവണ അമേരിക്ക തിരിച്ചെത്തിയപ്പോള്‍ ചൈന രണ്ടാംപടിയിലേക്കിറങ്ങി. ഇക്കുറി 43 സ്വര്‍ണം, 37 വെള്ളി, 37 വെങ്കലം ഉള്‍പ്പെടെ 117 മെഡലാണ് അമേരിക്ക നേടിയത്. ചൈനയെ പിന്തള്ളി രണ്ടാംപടിയിലേക്കു കയറിയ ബ്രിട്ടന് 27 സ്വര്‍ണം ഉള്‍പ്പെടെ 66 മെഡലുണ്ട്. മൂന്നാംസ്ഥാനത്ത് ചൈനയ്ക്ക് 26 സ്വര്‍ണം, 70 മെഡല്‍. ആറുവീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമുള്ള ബ്രസീല്‍ 14–ാം സ്ഥാനം കരസ്ഥമാക്കി. പി വി സിന്ധുവിന്റെ വെള്ളിയും സാക്ഷി മാലിക്കിന്റെ വെങ്കലവുമുള്ള ഇന്ത്യ 66-ാം സ്ഥാനത്താണ്.