22 August, 2016 12:55:18 AM


ഇന്ത്യക്ക് ഓര്‍ക്കാന്‍ സാക്ഷിയും സിന്ധുവും ദീപയും മാത്രം



റിയോ ഡെ ജനീറോ: മുപ്പത്തൊന്നാം ഒളിമ്പിക്സിന് കൊടിയിറങ്ങുമ്പോള്‍ ഇന്ത്യക്ക് ഓര്‍ക്കാന്‍ ഇവര്‍ മാത്രം.  ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലികും ബാഡ്മിന്‍റണില്‍ വെള്ളിപ്പതക്കമണിഞ്ഞ പി.വി. സിന്ധുവും നാലാം സ്ഥാനത്തായ ദീപ കര്‍മാകറും.


3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ ദേശീയ റെക്കോഡുമായി ലളിത ബബ്ബാറിന്‍െറ ഫൈനല്‍ പ്രവേശവും പരിമിതികള്‍ക്കുള്ളിലെ ഓര്‍ത്തുവെക്കാവുന്ന നേട്ടമാണ്. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര നാലാമതായതും സങ്കടമുണര്‍ത്തി. ഗുസ്തി താരം നര്‍സിങ് യാദവ് മരുന്നടി ആരോപണങ്ങളില്‍ നിന്ന് കരകയറി റിയോയിലത്തെിയെങ്കിലും മത്സരത്തിന് മുമ്പ് ലോക കായിക തര്‍ക്ക പരിഹാര കോടതി നാല് വര്‍ഷത്തേക്ക് വിലക്കിയത് നാണക്കേടായി.


കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന്‍െറ 'സെല്‍ഫി' ഭ്രമവും ഒ.പി. ജെയ്ഷയുടെ കോച്ച് നികോളായ് സ്നെസാരേവിനെ വനിതാ ഡോക്ടറോട് തട്ടിക്കയറിയതിന് പൊലീസ് പിടികൂടിയതും റിയോയില്‍ നിന്നുള്ള ഇന്ത്യന്‍ വാര്‍ത്തയായി.ലണ്ടനില്‍ ആറ് മെഡലുകളായിരുന്നു ഇന്ത്യന്‍ സമ്പാദ്യം. ഷൂട്ടര്‍മാരും ബോക്സര്‍മാരും വെറുംകൈയോടെ മടങ്ങിയതാണ് മെഡല്‍ പട്ടിക ചുരുങ്ങാന്‍ കാരണം.


ഹോക്കിയില്‍ 34 വര്‍ഷത്തിന് ശേഷം ക്വാര്‍ട്ടര്‍ ഫൈനലിലത്തെിയെങ്കിലും ബല്‍ജിയത്തിനെതിരെ ലീഡ് നേടിയ ശേഷം കീഴടങ്ങി. ലിയാണ്ടര്‍ പേസും സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയുമടങ്ങുന്ന ടെന്നിസ് സംഘത്തിനും നിരാശയായിരുന്നു ഫലം. ദീപിക കുമാരിയുടെ നേതൃത്വത്തില്‍ അമ്പെയ്ത്ത് ടീം ആഴ്ചകള്‍ക്ക് മുമ്പേ റിയോയിലത്തെിയെങ്കിലും 'കാറ്റ് ചതിച്ചതിനാല്‍' പല മത്സരങ്ങളിലും പിന്നിലായി.


16 ദിവസമായി  കായിക കരുത്തിന്‍െറ ഉത്തുംഗത കണ്ട പ്രകടനങ്ങളിലൂടെ ജനകോടികളെ ത്രസിപ്പിച്ച രാപ്പകലുകള്‍ക്കുശേഷം ലോക കായിക മാമാങ്കത്തിന് ഞായറാഴ്ച കൊടിയിറക്കം. മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ, അമേരിക്ക ബഹുദൂരം മുന്നിലാണ്. മെഡല്‍നേട്ടം സെഞ്ച്വറി കടത്തിയ അമേരിക്ക സ്വര്‍ണം, വെള്ളി, വെങ്കല സമ്പാദ്യങ്ങളിലെല്ലം എതിരാളികളില്ലാതെയാണ് മുന്നേറുന്നത്. 38 സ്വര്‍ണവും 35 വെള്ളിയും 32 വെങ്കലവുമടക്കം 105 മെഡലുകളുണ്ട് ഇതുവരെ അമേരിക്കയുടെ അക്കൗണ്ടില്‍.


അത്ലറ്റിക്സ്, നീന്തല്‍, ജിംനാസ്റ്റിക്സ് എന്നിവയിലെ മെഡല്‍വേട്ടയാണ് അമേരിക്കക്ക് മുന്‍തൂക്കം നല്‍കിയത്. സ്പ്രിന്‍റ് ഇനങ്ങളില്‍ ജമൈക്കക്കു മുന്നില്‍ അടിപതറിയെങ്കിലും ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മറ്റിനങ്ങള്‍ അമേരിക്കയെ തുണച്ചു. നീന്തലില്‍ മൈക്കല്‍ ഫെല്‍പ്സിന്‍െറയും കാറ്റി ലെഡാക്കിയുടെയും സ്വര്‍ണങ്ങളും ജിംനാസ്റ്റിക്സില്‍ സിമോണ്‍ ബെയ്ല്‍സിന്‍െറ മെയ്വഴക്കവും മെഡല്‍ക്കൂമ്പാരത്തിലെ പ്രധാന വിഭവങ്ങളായി.


ചൈനയെ മറികടന്ന് ബ്രിട്ടന്‍ രണ്ടാം സ്ഥാനത്ത് കുതിക്കുന്നതാണ് ഈ മേളയിലെ സവിശേഷത. ബെയ്ജിങ് മേളയിലെ വന്‍ കുതിപ്പിന് ലണ്ടനില്‍ തളര്‍ച്ച നേരിട്ടിരുന്നെങ്കിലും റിയോയില്‍ ബ്രിട്ടനു പിറകിലേക്ക് തള്ളപ്പെട്ടത് അപ്രതീക്ഷിതമായി. 25 സ്വര്‍ണവും 22 വെള്ളിയും 14 വെങ്കലവുമടക്കം 61 മെഡലുകളാണ് ബ്രിട്ടന്‍െറ അക്കൗണ്ടിലുള്ളതെങ്കില്‍ 23 സ്വര്‍ണവും 18 വെള്ളിയും 25 വെങ്കലവുമായി 66 മെഡലുകളാണ് ചൈനയുടെ പക്കല്‍. ജര്‍മനി (16 സ്വര്‍ണം), റഷ്യ (13), ജപ്പാന്‍ (12) എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ഉത്തേജക മരുന്ന് വിവാദം മൂലം അത്ലറ്റിക്സിലും മറ്റു ചില വിഭാഗങ്ങളിലും വിലക്കപ്പെട്ടിട്ടും തളരാതെ കുതിക്കുന്ന റഷ്യയുടെ പ്രകടനം വേറിട്ടതായി.


മേളയുടെ ആദ്യപകുതിയില്‍ മെഡലില്ലാതെ കിതച്ച ഇന്ത്യ ഒടുവില്‍ സിന്ധുവിന്‍െറ വെള്ളിയും സാക്ഷി മാലിക്കിന്‍െറ വെങ്കലവുമായി ആശ്വാസം കൊണ്ടുവെങ്കിലും മെഡല്‍ നിലയില്‍ 64ാമതാണ്. മെഡല്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഷൂട്ടിങ്ങിലും ഹോക്കിയിലും പിന്നാക്കംപോയതിനൊപ്പം അത്ലറ്റിക്സില്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ ഉണ്ടാവാതിരുന്നതും തിരിച്ചടിയായി.


കഴിഞ്ഞ രണ്ടു മേളകളിലെയും താരം ഉസൈന്‍ ബോള്‍ട്ട് തന്നെയായിരുന്നു റിയോയിലും ശ്രദ്ധാകേന്ദ്രം. സ്പ്രിന്‍റ് ഡബ്ളും റിലേ സ്വര്‍ണവുമായി തുടര്‍ച്ചയായ മൂന്നാം തവണയും ട്രിപ്ള്‍ തികച്ച ജമൈക്കക്കാരനെ വെല്ലാന്‍ ഇത്തവണയും എതിരാളികളുണ്ടായില്ല. ഒപ്പം വിരമിക്കലില്‍നിന്ന് തിരിച്ചുവന്ന് അഞ്ചു സ്വര്‍ണം കൂടി മാറിലണിഞ്ഞ് ഒളിമ്പിക്സ് സുവര്‍ണനേട്ടം 23ലത്തെിച്ച മൈക്കല്‍ ഫെല്‍പ്സും ശ്രദ്ധാകേന്ദ്രമായി. ഒരുക്കങ്ങളില്‍ പലചുവട് പിറകിലാണെന്നു തോന്നിച്ചശേഷം വലിയ പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെ ഒളിമ്പിക്സ് വിജയകരമാക്കിയ ബ്രസീലിന് ഇത് അഭിമാന മുഹൂര്‍ത്തമാണ്.


സാമ്പത്തിക പ്രതിസന്ധികള്‍ക്കും ആഭ്യന്തര പ്രശ്നങ്ങള്‍ക്കുമിടയില്‍ വെന്തുരുകുമ്പോഴും രണ്ടു വര്‍ഷത്തിനിടെ ഒരിക്കല്‍ക്കൂടി ഒരു ലോകമഹാമേളക്ക് വിജയകരമായി അരങ്ങൊരുക്കി അദ്ഭുതമാവുകയാണ് ബ്രസീല്‍. ഒളിമ്പിക്സ് സമാപന പരിപാടിയിൽ ഭാരതത്തിന്‍റെ പതാക വഹിക്കുന്നത് ഗുസ്തിയിൽ ഇന്ത്യക്കായി വെങ്കലം നേടിയ സാക്ഷി മാലിക് ആയിരിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K