15 August, 2016 10:37:54 AM
ജമൈക്കയുടെ ഉസൈൻ ബോൾട്ട് റിയോ ഒളിംപിക്‌സില്‍ വേഗരാജാവായി
റിയോ ഡി ജനീറോ: ഉസൈൻ ബോൾട്ട് റിയോ ഒളിംപിക്‌സിലെ വേഗരാജാവായി. 9.81 സെക്കൻഡിലാണ് ജമൈക്കയുടെ ബോൾട്ട് നൂറു മീറ്റർ ഓടിയെത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് ഒളിംപിക്സില്‍ ബോൾട്ട് സ്വർണം നേടുന്നത്. അമേരിക്കയുടെ ജസ്റ്റിൻ ഗാട്‌ലിൻ 9.89 സെക്കണ്ടില്‍ രണ്ടാമതെത്തി. 9.91 സെക്കൻണ്ടിലാണ് കാനഡയുടെ ആൻഡ്രേ ഡി ഗ്രേസ് മൂന്നാമതെത്തിയത്.
ശനിയാഴ്ച ജമൈക്കയുടെ എലെയന്‍ തോംസണ്‍ റിയോ ഒളിമ്പിക്സിലെ വേഗമേറിയ വനിത താരമായിരുന്നു. 100 മീറ്റര്‍ ഓട്ടത്തില്‍ 10.71 സെക്കന്‍ഡിലാണ് എലെയ്‌ന്‍ സ്വര്‍ണത്തിലേക്ക് ഓടിയടുത്തത്. യുഎസിന്റെ ടോറി ബോവിക്കാണ് വെള്ളി. ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസറിനാണ് വെങ്കലം.
ജിംനാസ്റ്റിക്‌സ് മൽസരത്തിൽ ഇന്ത്യക്ക് ചരിത്രനേട്ടം സമ്മാനിച്ച് ദിപ കർമാക്കർക്കു നാലാം സ്ഥാനം. ജിംനാസ്റ്റിക്സിലെ അതീവ അപകടംപിടിച്ച ഇനമായ പ്രൊഡുനോവ വോൾട്ട് പരീക്ഷിച്ചാണ് ദിപയുടെ നേട്ടം. വോൾട്ട് ഇനത്തിൽ ത്രിപുരക്കാരിയായ ഈ ഇരുപത്തിമൂന്നുകാരിക്ക് വെങ്കല മെഡൽ നഷ്ടമായതു 0.150 പോയിന്റിന്‍റെ മാത്രം വ്യത്യാസത്തിൽ. ലോക ചാംപ്യൻ സിമോൺ ബൈൽസ് തന്നെ ഈയിനത്തിൽ സ്വർണം നേടി.