11 August, 2016 09:22:57 PM
റിയോ ഒളിമ്പിക്സ്: ബാഡ്മിന്റണില്‍ പി.വി സിന്ധുവിന് വിജയം
റിയോ ഡെ ജനീറോ: ബാഡ്മിന്റൺ വനിതാ സിംഗിൾസ് പ്രാഥമിക റൗണ്ടിൽ പി.വി സിന്ധുവിന് വിജയം. ഹംഗേറിയൻ താരം ലോറ സറൗസിയെയാണ് സിന്ധു തോൽപിച്ചത്. സ്കോർ 21-8, 21-9.
ബാഡ്മിൻറൺ ഡബ്ൾസില്‍ ഇന്ത്യയുടെ പുരുഷ- വനിത ടീമുകൾ പരാജയപ്പെട്ടിരുന്നു. വനിതാ ഡബ്ൾസ് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ജ്വാല ഗുട്ട -അശ്വിനി പൊന്നപ്പ സഖ്യമാണ് തോൽവിയറിഞ്ഞത്. 15-21, 10-21 എന്ന സ്കോറിനാണ് പരാജയം. ജപ്പാൻ താരങ്ങളായ മിസാകി മാറ്റ്സുട്ടോമ, അയാക തകാഹാഷി എന്നിവരോടാണ് ഇന്ത്യൻ ജോഡികൾ തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി.
പുരുഷൻമാരുടെ മൽസരത്തിൽ സുമീത് റെഡ്ഡി- മനു അത്രി സഖ്യം ഇന്തോനീഷ്യൻ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെട്ടു. സ്കോർ: 18–21, 13–21.
അമ്പെയ്ത്ത് വനിതാ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന ബോംബെയ്ല ദേവി, ദീപിക കുമാരി എന്നിവർ തോറ്റ് പുറത്തായി. ക്വാർട്ടറിൽ മെക്സിക്കൻ താരം അലജാന്ദ്ര വലൻസിയയാണ് ബോംബെയ്ല ദേവിയെ തോൽപിച്ചത്. സ്കോർ 2-6 (26-28, 26-23, 27-28, 23-. പ്രീ ക്വാർട്ടറിൽ ചൈനീസ് താരം ടാൻ യാടിങിനോട് തോറ്റാണ് ദീപിക കുമാരിയുടെ മടക്കം. സ്കോർ 6-0 (27-28, 26-29, 27-30).
നേരത്തേ ജോര്‍ജിയയുടെ ക്രിസ്റ്റിനെ 6-4ന് തോല്‍പ്പിച്ച് മുന്നേറ്റത്തിന് തുടക്കം കുറിച്ച ദീപിക റൗണ്ട് ഓഫ് 32വില്‍ ഇറ്റാലിയന്‍ താരം ഗ്യുണ്ടലിന സര്‍ട്ടോരിക്കെതിരെയും വിജയം കണ്ടാണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്.