09 August, 2016 01:29:07 PM
വനിതാ ഹോക്കി : ബ്രിട്ടണു മുന്നിൽ ഇന്ത്യൻ വനിതകൾ മുട്ടുമടക്കി
റിയോ ഡി ജെനീറോ: ഒളിമ്പിക് വനിതാ ഹോക്കിയിലെ പൂൾ ബി മത്സരത്തിൽ ബ്രിട്ടണു മുന്നിൽ ഇന്ത്യൻ വനിതകൾ മുട്ടുമടക്കി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ബ്രിട്ടൻെറ ജയം. മത്സരത്തിൻെറ തുടക്കത്തിൽ ഇന്ത്യ മുന്നേറ്റം കാഴ്ച വെച്ചിരുന്നു. എന്നാൽ പിന്നീട് ബ്രിട്ടൺ കളി നിയന്ത്രണം ഏറ്റെടുത്തു. രണ്ട് മത്സരങ്ങളിൽ നിന്നായി ഒരു തോൽവിയും ഒരു സമനിലയും എന്ന നിലയിലാണ് ഇന്ത്യ.
ഇരുപത്തഞ്ചാം മിനിറ്റിൽ ജിസെല്ലെ ആൻസെലിയാണ് ആദ്യ ഗോൾ നേടിയത്. മൂന്ന് മിനിറ്റിനകം നിക്കോള വൈറ്റ് ലീഡ് ഇരട്ടിപ്പിച്ചു. തിരിച്ചടിക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾ ബ്രിട്ടീഷ് പ്രതിരോധത്തിൽ തട്ടി വീണു. അതിനിടെ അലക്സാണ്ട്ര ഡാൻസൺ ബ്രിട്ടനായി മൂന്നാം ഗോളും ചേർത്ത് ഇന്ത്യൻ തോൽവി ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ലോകറാങ്കിങ്ങില്‍ തങ്ങളെക്കാള്‍ മുന്നില്‍നില്‍ക്കുന്ന ജപ്പാനെ ഇന്ത്യ 2-2ന് തുല്യതയില്‍ തളച്ചിരുന്നു.36 വർഷത്തിനു ശേഷമാണ് ഒളിമ്പിക്സിലേക്ക്ഇന്ത്യൻ വനിതാ ഹോക്കി ടീം എത്തിയത്.