08 August, 2016 11:37:46 PM


ഷൂട്ടിംഗില്‍ നാലാം സ്ഥാനം; അഭിനവ് ബിന്ദ്രക്ക് മെഡൽ നഷ്ടമായി



റിയോ: ഷൂട്ടിങ് റെയ്ഞ്ചിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ അഭിനവ് ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിൽ ഫൈനലിൽ മെഡൽ നേടാനാവാതെ പുറത്ത്. ഫൈനലിൽ നാലം സ്ഥാനത്താണ് ബിന്ദ്ര ഫിനിഷ് ചെയ്തത്. സ്കോർ (163.8) . 0.1 പോയിന്റ് വിത്യാസത്തിലാണ് അഭിനവ് ബിന്ദ്രക്ക് വെങ്കലം നഷ്ടമായത്. ഇറ്റാലിക്കാരനായ നിക്കോളോ കാംപ്രിയാനി ഈ ഇനത്തിൽ സ്വർണം നേടി. നേരത്തെ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് അഭിനവ് ബിന്ദ്ര ഫൈനലിലെത്തിയത്. (സ്കോർ 625.7).


2008 ബെയ്ജിങ് ഒളിമ്പിക്സിലൂടെ രാജ്യത്തിന്‍െറ ഏക വ്യക്തിഗത സ്വര്‍ണത്തിനുടമയായ അഭിനവ് ബിന്ദ്രയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ. അതേസമയം 2012 ലണ്ടനില്‍ വെങ്കലത്തിനുടമയായ ഗഗന്‍ നാരംഗ് ഫൈനൽ പ്രവേശം കിട്ടാതെ പുറത്തായി. ത്രീ പൊസിഷനും 50 മീ. റൈഫിള്‍ പ്രോണും അടക്കം മൂന്ന് ഇനങ്ങളിൽ ഗഗന്‍ റിയോയില്‍ മത്സരിക്കുന്നുണ്ട്.

ബെയ്ജിങ് ഒളിമ്പിക്സിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ ബിന്ദ്രക്ക് സമീപകാലത്തൊന്നും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. 2014 ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലായിരുന്നു ബിന്ദ്ര രാജ്യാന്തര തലത്തില്‍ അവസാനമായി സ്വര്‍ണമണിഞ്ഞത്. മൂന്നു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ ഇനത്തില്‍ സ്വര്‍ണം നിലനിര്‍ത്തിയ ബിന്ദ്ര പരിശീലനത്തില്‍ പിഴക്കാത്ത ഉന്നവുമായാണ് കാഞ്ചിവലിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K