06 August, 2016 10:21:09 AM


റിയോ കായിക മാമാങ്കത്തിനു തുടക്കം കുറിച്ചു.


റിയോ ഡെ ജനീറോ: പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ ലോക കായിക ഉത്സവത്തിന് തുടക്കമായി. വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) ആരംഭിച്ച ആഘോഷരാവ് ബ്രസീലിന്‍െറ വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പാരമ്പര്യം ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ മാറക്കാനയെ വിസ്മയിപ്പിച്ചു. റിയോ ഡി ജനീറോയുടെ കായിക സംസ്കാരം പറഞ്ഞാണ് ചടങ്ങ് തുടങ്ങിയത്. പിന്നീട് രാജ്യത്തിൻെറ അഭിമാനമായ മഴക്കാടുകളും പോർച്ചുഗീസ് കടന്നുവരവ് മുതലുള്ള ബ്രസീലിൻെറ ചരിത്രവും മാറ്റങ്ങളും കാർഷിക വൃത്തിയും വേദിയിലെത്തി.


ബ്രസീലിയൻ ഗായകൻ പൗളിഞ്ഞോ ഡാ വിയോള ദേശീയ ഗീതം അവതരിപ്പിച്ചതോടെ മാറക്കാനയിൽ ആവേശമുയർന്നു. വര്‍ണം വാരിച്ചൊരിഞ്ഞ് ത്രീ ഡിയിൽ വിരിഞ്ഞ സാംബാ താളങ്ങൾക്കൊടുവിൽ വിവിധ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റുകൾക്ക് പിന്നീട് ആരംഭമായി. പോർച്ചുഗീസ് ഉച്ചാരണത്തിലുള്ള അക്ഷരമാല ക്രമത്തിൽ ഗ്രീസ് താരങ്ങളാണ് ആദ്യം വേദിയിലെത്തിയത്. തുടർന്ന് അർജന്റീന , അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും മാർച്ചിനെത്തി.



രാജ്യത്തിന്‍െറ ഏക വ്യക്തിഗത സ്വര്‍ണമെഡലുകാരന്‍  അഭിനവ് ബിന്ദ്രയാണ് ഇന്ത്യയെ മാർച്ചിങ് പാസ്റ്റിൽ നയിച്ചത്. അമേരിക്കയെ മൈക്കൽ ഫെൽപ്സ് നയിച്ചപ്പോൾ വനിത സ്പ്രിൻറർ ഷെല്ലി ആൻ ഫ്രേസറാണ് ജമൈക്കക്കായി പതാകയേന്തിയത്.




206 രാജ്യങ്ങളില്‍നിന്ന് പതിനായിരത്തില്‍പ്പരം കായികതാരങ്ങളാണ് റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ചടങ്ങില്‍ അണിനിരന്നത്. ലണ്ടന്‍ ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവായ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സംഘം ഒളിമ്പിക്സ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. ഇന്ന് മത്സരമുള്ളതിനാല്‍ ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തില്ല. രണ്ടാഴ്ച നീളുന്ന കായികമാമാങ്കത്തില്‍ 28 മത്സരയിനങ്ങളിലാണ് പോരാട്ടം. 21ന് കൊടിയിറങ്ങുമ്പോള്‍ 306 മെഡലുകളില്‍ ലോകജേതാക്കളുടെ പേരുകള്‍ തെളിയും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K