05 August, 2016 10:21:08 AM
റിയോ ഒളിമ്പിക്സിന് ഇന്ന് ദീപം തെളിയും
ലോകത്തിന്‍െറയും ബ്രസീലിന്‍െറയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) വര്‍ണം വാരിച്ചൊരിയുന്ന ആഘോഷരാവില്‍ ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ദീപം തെളിയും. വര്‍ണപ്പൊലിമയുടെ നിറച്ചാര്‍ത്തില്‍ ആരാണ് ബ്രസീലിന്‍െറ കന്നി ഒളിമ്പിക്സിന് ദീപം കൊളുത്തുക എന്ന ഉദ്വേഗത്തിലാണ് ലോകം. ബ്രസീലിന്‍െറ വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പാരമ്പര്യം തിമിര്‍ക്കുന്ന മൂന്നു മണിക്കൂറാണ് മാറക്കാനയിലെ ഉദ്ഘാടന വിരുന്ന്. തുടര്‍ന്ന് കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്.
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ആദ്യമായി നടക്കുന്ന ഒളിമ്പിക്സില്‍ 206 രാജ്യങ്ങളില്‍നിന്നുള്ള 10,500 ലേറെ താരങ്ങളാണ് മാറ്റുരക്കുക. 28 കളികളിലെ 42 ഇനങ്ങളില്‍ 306 സ്വര്‍ണമെഡലുകളാണ് ലോക വിജയികളെ കാത്തിരിക്കുന്നത്. ഫുട്ബാള്‍ മത്സരങ്ങള്‍ രണ്ടുദിവസം മുമ്പ് ആരംഭിച്ചു കഴിഞ്ഞു. ഉദ്ഘാടനദിവസം അമ്പെയ്ത്ത് മാത്രം. ശനിയാഴ്ച മുതല്‍ മിക്ക കളിക്കളങ്ങളും സജീവമാകും. ഓരോ കായികതാരത്തിന്‍െറയും ആത്യന്തിക ജീവിതലക്ഷ്യമായ ഒളിമ്പിക് മെഡലിനായി തീപാറുന്ന കൊടുംപോരാട്ടങ്ങളായിരിക്കും പിന്നെയങ്ങോട്ട്.ദക്ഷിണ സുഡാനും കൊസോവോയും ഒളിമ്പിക്സില്‍ അരങ്ങേറ്റംകുറിക്കാന്‍ എത്തുമ്പോള്‍ റഗ്ബി സെവന്‍സും ഗോള്‍ഫും ദശകങ്ങളുടെ ഇടവേളക്കുശേഷം ലോകവേദിയിലേക്ക് തിരിച്ചുവരുന്നു.
ഇന്ത്യയെ നയിക്കുന്നത് രാജ്യത്തിന്‍െറ ഏക വ്യക്തിഗത സ്വര്‍ണമെഡലുകാരന്‍ അഭിനവ് ബിന്ദ്രയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ റിയോ ഒളിമ്പിക്സിന് അയച്ചത്. വിജയപീഠം കയറാന്‍ 118 അംഗസംഘം റിയോയില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞതവണയേക്കാള്‍ 36 പേര്‍ അധികം. ഗുസ്തിക്കാരന്‍ നര്‍സിങ് യാദവും ഷോട്ട്പുട്ട് ഏറുകാരന്‍ ഇന്ദര്‍ജീത് സിങ്ങും ഓട്ടക്കാരന്‍ ധരംബീര്‍ സിങ്ങും ഉത്തേജക മരുന്നടിച്ചതിന് പിടിക്കപ്പെട്ട നാണക്കേടുമായിട്ടാണ് ഇന്‍ഡ്യ എത്തുന്നതെങ്കിലും നര്‍സിങ് ഒടുവില്‍ കുറ്റവിമുക്തനായിട്ടുണ്ട്.
ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ ആശയായി 10 കായികതാരങ്ങള്‍ ഇതാദ്യമായി മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് റിയോ ഒളിമ്പിക്സിന്.