31 July, 2016 09:55:07 PM


സെല്‍ഫിയെടുക്കുന്നതിനിടെ ദേശീയ കായികതാരം കുളത്തില്‍ വീണ് മരിച്ചു



ഭോപ്പാല്‍: ദേശിയ കായിക താരം സെല്‍ഫിയെടുക്കുന്നതിനിടെ കുളത്തില്‍ വീണ് മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിനിയായ പൂജ കുമാരി(20) ആണ് മരിച്ചത്. ഭോപ്പാല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ക്യാമ്പസിലാണ് അപകടം നടന്നത്.

കാമ്പസിലെ ആഴമുള്ള കുളത്തിന് സമീപത്ത് വച്ച് സെല്‍ഫിയെടുക്കുന്നതിനിടെയാണ് അപകടം നടന്നത്. കുളത്തില്‍ വീണ പൂജ കുമാരി മുങ്ങിമരിക്കുകയായിരുന്നു. നീന്തലറിയാത്തതിനാല്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ പൂജയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സഹതാരങ്ങള്‍ അറിയച്ചതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ എത്തിയാണ് പൂജയെ കുളത്തില്‍ നിന്ന് കരയ്‌ക്കെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്ഥാനതലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കായിക താരമാണ് പൂജ. സബ്ജൂനിയര്‍ തലത്തില്‍ ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് പൂജ സായിയില്‍ എത്തിയത്. സംഭവം പോലീസില്‍ അറിയിച്ചിട്ടുണ്ടെന്ന് സായി ഡയറക്ടര്‍ മീന വോറ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച സ്ഥലമാണ് അപകടം നടന്നയിടം. സായിയിലെ ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. സെല്‍ഫി ഭ്രമമാണ് അപകടത്തിലേക്കെത്തിച്ചതെന്നാണ് സായി ജീവനക്കാര്‍ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K