27 July, 2016 12:36:26 PM
ഗുസ്തിയിൽ നര്‍സിങ് യാദവിന് പകരം പ്രവീണ്‍ റാണ
ദില്ലി: ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട ഗുസ്തി താരം നര്‍സിങ് യാദവിന് പകരം റിയോ ഒളിമ്പിക്സ് 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ പ്രവീണ്‍ റാണ ഇന്ത്യയെ പ്രതിനിധീകരിക്കും. റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2014ൽ യു.എസിൽ നടന്ന ഡേവ് ഷൂൽസ് അനുസ്മരണ ഗുസ്തി ടൂർണമെന്‍റിൽ 74 കിലോഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ താരമാണ് റാണ.
അതേസമയം, ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിങ് യാദവിനെ പിന്തുണച്ചു കൊണ്ട് മറ്റൊരു ഗുസ്തിതാരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ യോഗേശ്വര്‍ ദത്ത് രംഗത്തെത്തി. നര്‍സിങ് ഒരിക്കലും അറിഞ്ഞുകൊണ്ട് ഉത്തേജകം ഉപയോഗിക്കില്ലെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ദത്ത് ട്വിറ്ററില്‍ കുറിച്ചു.
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിശോധനയിലാണ് നർസിങ് പരാജയപ്പെട്ടത്.എന്നാൽ, തന്നെ ഗൂഢാലോചനയിലൂടെ കുടുക്കുകയായിരുന്നുവെന്നാണ് നർസിങ്ങിന്‍റെ ആരോപണം. ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും നർസിങ് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് (ആർ.എഫ്.ഐ) നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.