21 July, 2016 08:05:19 PM
മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് അന്തരിച്ചു
ദില്ലി : ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഹോക്കി താരങ്ങളിലൊരാളായ മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. 1980ലെ മോസ്കോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. കരള്‍രോഗത്തെ തുടര്‍ന്ന് ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസ്സായിരുന്നു.
അതിവേഗവും അസാമാന്യ ഡ്രിബ്ളിങ് പാടവവും ഷാഹിദിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. 1982ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ടീമിലും 1986ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു. 1981ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചു. 1985 മുതല്‍ 1986 വരെ ഇന്ത്യന്‍ ടീമിന്റെ നായകനായി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
ഇന്ത്യന്‍ ഹോക്കിയെ രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്നതാക്കിയവരില്‍ പ്രമുഖനായ ഷാഹിദിന്‍റെ ജീവന്‍ രക്ഷിക്കാനും ചികിത്സാ സൗകര്യമെത്തിക്കാനും ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ ധന്‍രാജ് പിള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയപ്പോഴാണ് ഷാഹിദിനെ ബാധിച്ച രോഗത്തിന്‍റെ ഗുരുതരാവസ്ഥ പുറംലോകമറിഞ്ഞത്. പിള്ളയുടെ അഭ്യര്‍ഥന പുറത്തുവന്നതിനെ തുടര്‍ന്ന് ഷാഹിദിന്‍റെ ചികിത്സാചെലവുകള്‍ ഏറ്റെടുക്കാമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. റെയില്‍വേയുടെ മുന്‍ താരം കൂടിയാണ് ഷാഹിദ്. ഭാര്യ: പർവീൻ, മുഹമ്മദ് സൈഫ്, ഹീന ഷാഹിദ് എന്നിവർ മക്കളാണ്.