08 September, 2022 09:20:40 AM
അമരക്കാരനെ വീഴ്ത്തിയ സംഭവം; പൊലീസ് ടീമിനെതിരെ നടപടി ആവശ്യമില്ലെന്ന് ആലപ്പുഴ എസ്പി
ആലപ്പുഴ: 56-ാമത് മാന്നാര്‍ മഹാത്മാഗാന്ധി ജലോത്സവത്തിനിടെ ചെറുതന ചുണ്ടന്റെ അമരക്കാരനെ തള്ളിയിട്ട സംഭവത്തില്‍ പൊലീസ് ടീമിനെതിരെ നടപടി ആവശ്യമില്ലെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു മഹാത്മാഗാന്ധി ജലോത്സവം അരങ്ങേറിയത്. മത്സരത്തില്‍ ജയത്തിലേക്കടുത്ത ചെറുതന ചുണ്ടന്റെ അമരക്കാരനെ പൊലീസ് ബോട്ട് ക്ലബിന്‍റെ നിരണം ചുണ്ടന്‍ ടീമംഗം തള്ളിയിട്ടത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
മത്സരത്തില്‍ പൊലീസ് ബോട്ട് ക്ലബിന്‍റെ നിരണം ചുണ്ടനെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ മുന്നേറുന്നതിനിടെ പൊലീസ് ക്ലബ് അംഗം അമരക്കാരനെ തള്ളി താഴെയിടുകയായിരുന്നു. ഇതോടെ ചെറുതന ചുണ്ടന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങുകയും ചെയ്തു. ചെറുതന ചുണ്ടന്‍ ട്രാക്കുതെറ്റി പൊലീസ് വള്ളത്തിനരികിലേക്ക് എത്തുകയായിരുന്നുവെന്നും പൊലീസ് ടീമിന്‍റെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ അന്വേഷണമോ നടപടിയോ ആവശ്യമില്ലെന്നും എസ്പി വ്യക്തമാക്കി.
ചെറുതനയുടെ തുഴച്ചിലുകാര്‍ പങ്കായംകൊണ്ട് ആക്രമിച്ചതിനെത്തുടര്‍ന്ന് രണ്ടു പൊലീസുകാര്‍ക്ക് പരിക്കുപറ്റിയെന്ന് പൊലീസ് പറഞ്ഞിരുന്നു. നിരണം ചുണ്ടന്‍ പൊലീസ് ബോട്ട് ക്ലബ് മൂന്നാം ട്രാക്കിലായിരുന്നു. ചെറുതന ചുണ്ടന്‍ രണ്ടാം ട്രാക്കിലും. രണ്ടാം ട്രാക്കിലുള്ള ചെറുതന ചുണ്ടന്‍ മൂന്നാം ട്രാക്കിലെ നിരണം ചുണ്ടനെ ആദ്യം മുതല്‍ തന്നെ ബ്ലോക്ക് ചെയ്തെന്നും മുന്നോട്ടു കടന്നുപോകാതിരിക്കാന്‍ തടസ്സ സൃഷ്ടിച്ചെന്നും പൊലീസ് വിശദീകരിക്കുന്നു. ചെറുതന ചുണ്ടന്റെ തുഴച്ചിലുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ ആശുപത്രിയിലാണെന്നും പൊലീസ് പറഞ്ഞു.
വള്ളംകളിയില്‍ രണ്ടു വള്ളങ്ങളും ഒരേ ട്രാക്കിലെത്തിയിരുന്നു. ഇരുവള്ളങ്ങളും ഉരസുന്ന രീതിയിലായിരുന്നു. ഇതിനിടയിലാണ് ചെറുതന ചുണ്ടന്റെ അമരക്കാരനെ തള്ളിയിടുകയും ചെയ്തത്. സംഭവത്തില്‍ പൊലീസ് ക്ലബിന്റെ ചുമതലയുള്ള എആര്‍ ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റിനോടാണ് ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് തേടിയിരുന്നു.