19 July, 2016 10:45:43 AM
തുര്‍ക്കിയിൽ നിന്ന് ഇന്ത്യന്‍ കായിക സംഘം മടങ്ങിയെത്തി
ദില്ലി: തുര്‍ക്കിയിലെ ട്രാബ്സണിൽ ലോക സ്‌കൂൾസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യന്‍ കായിക സംഘം മടങ്ങിയെത്തി. 13 മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 44 അംഗ ആദ്യ സംഘമാണ് ഡൽഹിയിൽ വിമാനമിറങ്ങിയത്. പത്തര മണിയോടെ ടീം മാനേജർ ചാക്കോ ജോസഫിന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘവും ഡൽഹിയിലെത്തിച്ചേരും. ഇന്ന് ദില്ലിയിലെ കേരളാ ഹൗസിൽ തങ്ങുന്ന കായിക സംഘം ബുധനാഴ്ച സബർക് ക്രാന്തി എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങും.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി 148 കായിക താരങ്ങളും 38 ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 186 അംഗ സംഘമാണ് ജൂലൈ 11ന് തുര്‍ക്കിയിലെ ട്രാബ്സണിലെത്തിയത്. ജൂലൈ 18നാണ് സ്കൂൾസ് ചാമ്പ്യൻഷിപ്പ് സമാപിച്ചത്. ഇതിനിടെയാണ് തുർക്കിയിൽ സൈനിക അട്ടിമറി ശ്രമം നടന്നത്. എന്നാല്‍ ഇത് ചാമ്പ്യൻഷിപ്പിനെയോ കായിക താരങ്ങളെയോ ബാധിച്ചില്ലെന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
അട്ടിമറി ശ്രമത്തെ തുടർന്ന് കായിക താരങ്ങൾ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. രാജ്യ തലസ്ഥാനമായ അങ്കാറയിൽ നിന്ന് 700 കിലോമീറ്ററും സംഘർഷ ബാധിത പ്രദേശത്ത് നിന്ന് 400 കിലോമീറ്റർ അകലെയാണ് ട്രാബ്സൺ നഗരം.