29 August, 2022 01:35:25 AM
പാണ്ഡ്യാ സ്റ്റൈൽ വിൻ; ഏഷ്യ കപ്പ് ട്വന്റി-20 ൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
ദുബായ്: ഏഷ്യ കപ്പ് ട്വന്റി-20 ആവേശകരമായ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. അവസാന ഓവറിൽ മുഹമ്മദ് നവാസിനെ സിക്സറിന് തൂക്കി ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. പാക്കിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഇന്ത്യ രണ്ട് പന്ത് ബാക്കി നിൽക്കെ മറികടന്നു. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹാർദിക്കും (33) രവീന്ദ്ര ജഡേജയുമാണ് (35) ഇന്ത്യയെ വിജയതീരമടിപ്പിച്ചത്.
അവസാന ഓവറിൽ സിക്സർ പറത്തി കളി ജയിക്കാൻ ശ്രമിച്ച് ജഡേജ പുറത്തായതോടെ ഇന്ത്യൻ ആരാധകർ സമ്മർദ്ദത്തിലായി. എന്നാൽ കൂളായി നവാസിന്റെ നാലാം പന്ത് ലോംഗ് ഓണിനു മുകളിലൂടെ പറത്തി ഹാർദിക് സ്വന്തം സ്റ്റൈലിൽ കളി അവസാനിപ്പിച്ചു. ചെറിയ സ്കോർ പിന്തുടരാൻ ഇറങ്ങിയ ഇന്ത്യയെ പാക്കിസ്ഥാൻ തുടക്കത്തിലെ ഞെട്ടിച്ചു. ഓപ്പണർ കെ.എൽ രാഹുൽ ഗോൾഡൻ ഡക്ക്. എന്നാൽ നൂറാം ട്വന്റി-20 കളിക്കുന്ന വിരാട് കോഹ്ലിയും (35) ക്യാപ്റ്റൻ രോഹിത് ശർമയും (12) ഇന്ത്യയെ മെല്ലെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
മൂന്നാം വിക്കറ്റിൽ ഇരുവരും 49 റൺസ് ആണ് ചേർത്തത്. എന്നാൽ അടുത്തടുത്ത പന്തിൽ കോഹ്ലിയേയും രോഹിതിനെയും മടക്കി പാക്കിസ്ഥാൻ കളിയിലേക്ക് തിരിച്ചുവന്നു. നാലാം വിക്കറ്റിൽ സൂര്യകുമാർ യാദവിനെ (18) കൂട്ടുപിടിച്ച് ജഡേജ വീണ്ടും കളിവഴുതാതെ കാത്തു. സൂര്യകുമാർ മടങ്ങിയതോടെ ക്രീസിൽ ഒന്നിച്ച ഹാർദിക്-ജഡേജ സഖ്യം പാക്കിസ്ഥാന്റെ പ്രതീക്ഷകളെ ബൗണ്ടറി കടത്തി. ഈ സഖ്യം 29 പന്തിൽ 52 റൺസാണ് അടിച്ചെടുത്തത്. 29 പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും അടങ്ങുന്നതാണ് ജഡേജയുടെ ഇന്നിംഗ്സ്. ഹാർദിക് 17 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതമാണ് 33 റൺസ് സ്വന്തമാക്കിയത്.
നേരത്തെ ഭുവനേശ്വർ കുമാറും (4) അർഷദീപ് സിംഗും (2) ഹാർദിക് പാണ്ഡ്യയും അവേശ് ഖാനും (1) ചേർന്ന് പാക്കിസ്ഥാനെ എറിഞ്ഞൊതുക്കുകയായിരുന്നു. പാക്കിസ്ഥാൻ മുൻനിരയെ ഇന്ത്യൻ പേസർമാർ ഷോർട്ട് ബോളിൽ കുരുക്കി. ആദ്യ അഞ്ച് വിക്കറ്റും ഷോർട്ട് ബോളിലാണ് വീണത്. പാക് നിരയിൽ ഓപ്പണർ മുഹമ്മദ് റിസ്വാൻ (43) മാത്രമാണ് പൊരുതിയത്. 42 പന്തിൽ നാല് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു റിസ്വാന്റെ ഇന്നിംഗ്സ്. ഇഫ്തിക്കർ അഹമ്മദും (28) വാലറ്റത്ത് ഷാനവാസ് ദഹാനിയും (16) ഭേദപ്പെട്ട പ്രകടനം നടത്തി.