03 August, 2022 05:53:04 AM
ഉത്തേജക മരുന്ന് ഉപയോഗം: ധനലക്ഷ്മിക്ക് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ വിലക്ക്
ന്യൂഡൽഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ ഇന്ത്യൻ അത്ലറ്റിക്സ് താരം എസ്.ധനലക്ഷ്മിക്ക് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ്(എസിയു) മൂന്ന് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ജൂലൈ 11 മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നതായും ജൂണ്‍ മുതലുള്ള താരത്തിന്റെ മെഡൽ നേട്ടങ്ങൾ അസാധുവായി കണക്കാക്കുമെന്നും എസിയു അറിയിച്ചു. മെറ്റാൻഡിയേനോണ് എന്ന നിരോധിത മരുന്നാണ് താരം ഉപയോഗിച്ചതെന്ന് രാജ്യാന്തര, ദേശീയ വേദികളിൽ നിന്ന് താരത്തെ വിലക്കിക്കൊണ്ടുള്ള അറിയിപ്പിൽ എസിയു വ്യക്തമാക്കി.
സ്പ്രിന്റ് താരമായ ധനലക്ഷ്മി, ജൂണിൽ 200 മീറ്റർ 22.89 സെക്കന്റിൽ പൂർത്തിയാക്കിയ വിസ്മയ പ്രകടനത്തിന് പിന്നാലെയാണ് പിടിക്കപ്പെട്ടത്. "വാഡാ' പരിശോധന ഫലം പുറത്തുവന്ന് 20 ദിവസത്തിനുള്ളിൽ ഉത്തേജക ഉപയോഗം സമ്മതിച്ചതിനാൽ പതിവ് ശിക്ഷാ കാലയളവായ നാല് വർഷം എന്നതിൽ എസിയു ചട്ടപ്രകാരം ഒരു വർഷത്തെ ഇളവ് അനുവദിച്ചു.