25 July, 2022 07:34:58 PM
സ്പോർട്സ് കൗൺസിലിന് സഹായവുമായി സർക്കാർ ഒപ്പമുണ്ടാകും - മന്ത്രി വാസവൻ
കോട്ടയം: ലോകമറിയുന്ന കായികതാരങ്ങളെ വാർത്തെടുക്കാൻ സ്പോർട്സ് കൗൺസിലുകൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും സർക്കാർ നൽകുമെന്ന് സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടിയ ജില്ലാ സ്പോർട്സ് അക്കാദമിയിലെ താരങ്ങളെയും പരിശീലകരെയും ആദരിക്കുന്നതിനായി ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച പരിപാടി നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, റസലിംഗ്, അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ വിജയം കരസ്ഥമാക്കിയ 107 കായിക താരങ്ങളെയാണ് ചടങ്ങിൽ അനുമോദിച്ചത്. വോളിബോൾ പരിശീലകരായ എസ്. മനോജ്, വി. അനിൽ കുമാർ, ജോബി തോമസ്, ജെ. ലാലു മോൻ, ബിനോജ് പി. ജോണി, നവാസ് വഹാബ്, അത്‌ലറ്റിക് പരിശീലകരായ ജൂലിയസ് ജെ മണിയണി, ബൈജു ജോസഫ്, പൊന്നി ജോസ് , ബാസ്‌ക്കറ്റ്ബോൾ കോച്ച് ഡിമൽ സി. മാത്യു, ഫുട്ബോൾ കോച്ച് പി.ആർ രാജു, റസലിംഗ് കോച്ച് ജാസ്മിൻ ജോർജ്ജ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.ആർ. ഷാജി, സാബു മുരിയ്ക്കവേലി, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവും സംസ്ഥാന നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി സൈനുദീൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൽ. മായാദേവി എന്നിവർ പങ്കെടുത്തു.