24 July, 2022 09:57:20 AM


നീരജ് ചോപ്രയ്ക്ക് വെള്ളി മെഡല്‍; ലോക മീറ്റിൽ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം



ഒറിഗോണ്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡലുമായി ചരിത്രമെഴുതി ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര. ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റിൽ വെള്ളി മെഡൽ നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് സ്വര്‍ണം നിലനിര്‍ത്തി. 2003ലെ പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടുന്നത്.

വെള്ളിയാഴ്ച ഒറിഗോണിലെ യൂജിനിലെ ഹേവാർഡ് ഫീൽഡിൽ 88.39 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ പുരുഷന്മാരുടെ ജാവലിൻ ത്രോയുടെ ഫൈനലിലേക്ക് യോഗ്യത നേടിയത്. സീസണിലെ ഏറ്റവും മികച്ച 89.94 മീറ്റർ നേട്ടം കൈവരിച്ച ചോപ്ര, ഈ വർഷം ജൂണിൽ സ്റ്റോക്ക്ഹോമിൽ ഒരു പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഇന്ന് രാവിലെ തന്റെ ആദ്യ ത്രോ നീരജ് ഫൗൾ വരുത്തി. ഇന്ത്യയുടെ രോഹിത് യാദവ് 80.42 മീറ്റർ എറിഞ്ഞ് യോഗ്യതാ റൗണ്ടിൽ 12 ആം സ്ഥാനത്തെത്തി. രണ്ട് ശ്രമങ്ങൾക്ക് ശേഷം 82.39 മീറ്ററുമായി നീരജ് ചോപ്ര നാലാമത് എത്തി.

അതേസമയം രണ്ട് ശ്രമങ്ങൾക്ക് ശേഷം ആൻഡേഴ്‌സൺ പീറ്റേഴ്‌സ് 90.21 മീറ്റർ എറിഞ്ഞ് ഒന്നാമത് എത്തിയിരുന്നു. ജാക്കൂബ് വഡെജ് 87.23 മീറ്ററുമായി രണ്ടാം സ്ഥാനത്തും ജൂലിയൻ വെബ്ബർ 86.86 മീറ്ററുമായി മൂന്നാം സ്ഥാനവും നേടിയിരുന്നു. നാലാം ശ്രമത്തിൽ 82.39 മീറ്ററുമായി നീരജ് ചോപ്ര നാലാമത് തുടർന്നു. അതിനുശേഷമാണ് 88.13 മീറ്റർ എറിഞ്ഞ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തെത്തിയതും മെഡൽ പോരാട്ടത്തിൽ ഇടംനേടിയതും. മലയാളി താരം അഞ്ജു ബോബി ജോർജിന് ശേഷം ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരമായി നീരജ് മാറുകയായിരുന്നു. നിലവിലെ ഒളിമ്പിക് ചാമ്പ്യൻ 88.13 മീറ്റർ എറിഞ്ഞാണ് മെഡൽ ഉറപ്പിച്ചത്.

വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ആദ്യ ത്രോയിൽ തന്നെ യോഗ്യത മാർക്കായ 83.50 മീറ്റർ നീരജ് മറികടന്നു. 89.94 മീറ്ററുമായി സീസണിലെ പ്രകടനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് നീരജ്. 93.07 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് മുന്നില്‍ നില്‍ക്കുന്നു. 2019 ദോഹ ചാമ്പ്യന്‍ഷിപ്പിലെ ജേതാവുകൂടിയാണ് ആന്‍ഡേഴ്‌സന്‍. കഴിഞ്ഞ വര്‍ഷം ടോക്യോയില്‍ 87.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയ നീരജ് ചോപ്ര ഒളിമ്പിക്സിലെ അത്ലറ്റിക്സിൽ ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ സ്വന്തമാക്കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K