14 June, 2022 07:36:25 AM
ഇന്ത്യക്ക് ഇന്നു ഫുട്ബോളിലും ക്രിക്കറ്റിലും നിർണായക പോരാട്ടങ്ങൾ
വിശാഖപട്ടണം: വിമർശനങ്ങൾക്കിടയിൽ ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീം ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരന്പരയിലെ മൂന്നാം മത്സരത്തിന് ഇറങ്ങും. ആദ്യ രണ്ട് ട്വന്റി-20യിലും പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നു ജയിക്കാൻ സാധിച്ചില്ലെങ്കിൽ പരന്പര നഷ്ടമാകും. വിശാഖപട്ടണത്ത് രാത്രി 7.00ന് ആണ് മത്സരം. മുൻനിര താരങ്ങളുടെ അഭാവത്തിൽ അപ്രതീക്ഷിതമായി ഇന്ത്യൻ ക്യാപ്റ്റൻസി ലഭിച്ച ഋഷഭ് പന്ത് ആരാധകർക്ക് നിരാശമാത്രമാണ് ഇതുവരെ സമ്മാനിച്ചത്. ക്യാപ്റ്റൻസിയിലെ മണ്ടത്തരങ്ങൾ ഋഷഭ് പന്ത് തുടരുകയാണെന്നതും ശ്രദ്ധേയം.
ആദ്യ ട്വന്റി-20യിൽ യുസ്വേന്ദ്ര ചാഹലിനെ രണ്ട് ഓവർ മാത്രം എറിയിച്ചതിനു വിമർശനം കേൾക്കേണ്ടിവന്ന ഋഷഭ് പന്ത് രണ്ടാം മത്സരത്തിൽ മറ്റൊരു മണ്ടത്തരം കാണിച്ചു. രണ്ടാം ട്വന്റി-20യിൽ രണ്ട് റൈറ്റ് ഹാൻഡ് ബാറ്റർമാർ ക്രീസിലുള്ളപ്പോൾ അക്ഷർ പട്ടേലിനെ ബൗൾ ചെയ്യാൻ ഋഷഭ് പന്ത് വിളിച്ചില്ല. മത്സരത്തിൽ പട്ടേലിന് ഒരു ഓവർ മാത്രമാണ് നൽകിയതെന്നതും ശ്രദ്ധേയം. ഐപിഎല്ലിലും സമാന രീതിയിൽ ഋഷഭ് പന്ത് ക്യാപ്റ്റൻസി മണ്ടത്തരങ്ങൾ കാണിച്ചിരുന്നു. ഇന്നു ജയിച്ചില്ലെങ്കിൽ അഞ്ച് മത്സര പരന്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കും. ആദ്യ രണ്ട് മത്സരങ്ങളിലെയും അപ്രമാദിത്വം തുടരുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.
കോൽക്കത്ത: എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്ഫെഡറേഷൻ) ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തിൽ ഇന്ത്യൻ ടീം ഇന്ന് ഹോങ്കോംഗിനെ നേരിടും. കോൽക്കത്തയിൽ രാത്രി 8.30നാണ് കിക്കോഫ്. സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് ഇന്ന് ജയം അനിവാര്യമാണ്. ജയിച്ചാൽ മാത്രമേ ഗ്രൂപ്പ് ചാന്പ്യന്മാരായി ഇന്ത്യക്ക് നേരിട്ട് 2023 ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനൽസിനു യോഗ്യത സ്വന്തമാക്കാൻ സാധിക്കൂ.
ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യയും ഹോങ്കോംഗും ജയിച്ചിരുന്നു. ഇരു ടീമുകൾക്കും ആറ് പോയിന്റ് വീതവുമുണ്ട്. ഗോൾ ശരാശരിയിൽ മുന്നിലുള്ള ഹോങ്കോംഗ് ആണ് ഗ്രൂപ്പിൽ ഒന്നാമത്. ഗ്രൂപ്പ് ചാന്പ്യന്മാർക്കു പിന്നാലെ മികച്ച അഞ്ചു രണ്ടാം സ്ഥാനക്കാർക്കും ഫൈനൽസിനു യോഗ്യത ലഭിക്കും.
ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളിലൂടെ ഇന്ത്യ കംബോഡിയയെ കീഴടക്കി. രണ്ടാം മത്സരത്തിലും സുനിൽ ഛേത്രി ഗോൾ നേടിയിരുന്നു. എന്നാൽ, മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഗോളിലായിരുന്നു ഇന്ത്യ രണ്ടാം മത്സരത്തിൽ 2-1ന് അഫ്ഗാനിസ്ഥാനെ കീഴടക്കിയത്.