06 June, 2022 08:32:37 AM
സെൽഫ് ഗോളിൽ യുക്രെയ്ന് പരാജയം: 64 വർഷത്തിന് ശേഷം വെയ്ൽസ് ലോകകപ്പിന്
കാർഡിഫ്: യുക്രെയ്നെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് വെയ്ൽസ് ഖത്തർ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി. 34-ാം മിനിറ്റിൽ ലഭിച്ച സെൽഫ് ഗോളാണ് വെയ്ൽസിന്റെ ജയം ഉറപ്പിച്ചത്. വെയ്ൽസ് നായകൻ ഗാരെത് ബെയ്ൽ എടുത്ത ഫ്രീക്കിക്ക് യുക്രെയ്ൻ താരം യാർമോലെങ്കോയുടെ ദേഹത്തു തട്ടി ഗോളാകുകയായിരുന്നു.
ഖത്തറിലേക്കു യോഗ്യത നേടുന്ന മുപ്പതാം ടീമാണ് വെയ്ൽസ്. 64 വർഷങ്ങൾക്കു ശേഷമാണ് വെയ്ൽസ് ലോകകപ്പിന് യോഗ്യത നേടുന്നത്. ലോകകപ്പിൽ ഇംഗ്ലണ്ട്, യുഎസ്എ, ഇറാൻ എന്നിവരുൾപ്പെടുന്ന ബി ഗ്രൂപ്പിലാണ് വെയ്ൽസ് കളിക്കുക. വെയ്ൽസ് കൂടി യോഗ്യത നേടിയതോടെ യൂറോപ്പിൽ നിന്നുള്ള 13 ലോകകപ്പ് ബെർത്തുകളും തീരുമാനമായി. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ്.