05 July, 2016 01:17:31 AM
വിമ്ബിള്‍ഡന്‍: നിഷികോറി പിന്‍മാറി, ഫെഡറര്‍ ക്വാര്‍ട്ടറില്‍
ലണ്ടന്‍ : പതിനെട്ടാം ഗ്രാന്‍ സ്ലാം കിരീടത്തിലേക്കു കുതിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് താരം റോജര്‍ ഫെഡറര്‍ വിമ്ബിള്‍ഡന്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ പറഞ്ഞുവിട്ട (6-2,6-3,7-5) ഫെഡറര്‍ രണ്ടു നാഴികക്കല്ലുകളും പിന്നിട്ടു. ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചാണ് ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി. കെയ് നിഷികോറി മല്‍സരത്തിനിടെ പിന്‍മാറിയതാണു സിലിച്ചിനു മുന്നോട്ടുള്ള വഴിയൊരുക്കിയത്.
വാരിയെല്ലിനു പരുക്കേറ്റതിനെത്തുടര്‍ന്നാണു ജപ്പാന്‍ താരം പിന്‍വാങ്ങിയത്. സിലിച്ചിനെതിരെ 6-1 മല്‍സര റെക്കോര്‍ഡുണ്ട് ഫെഡറര്‍ക്ക്. 2014 യുഎസ് ഓപ്പണ്‍ സെമിഫൈനലിലാണു സിലിച്ച് ഫെഡററെ തോല്‍പിച്ചത്. അന്ന് ക്രൊയേഷ്യന്‍ താരം കിരീടം നേടുകയും ചെയ്തു. ലോക ഒന്നാം നമ്ബര്‍ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച സാം ക്വെറി പ്രീക്വാര്‍ട്ടറിലും കുതിപ്പു തുടര്‍ന്നു. ഫ്രഞ്ച് വെറ്ററന്‍ നിക്കോളാസ് മാഹുട്ടിനെയാണ് ക്വെറി പറഞ്ഞയച്ചത് (6-4,7-6,6-4). ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ജിയോസിനെ തോല്‍പിച്ചു ബ്രിട്ടിഷ് താരം ആന്‍ഡി മറെ മുന്‍പേ ക്വാര്‍ട്ടറിലെത്തിയിരുന്നു. വനിതാ സിംഗിള്‍സില്‍ ആഞ്ചെലിക്ക കെര്‍ബര്‍, ഡാനിയേല സിബുല്‍ക്കോവ, സിമോണ ഹാലെപ് എന്നിവരും മുന്നേറി.
മൂന്നാം സീഡ് പോളണ്ടിന്റെ അഗ്നീസ്ക റാഡ്വാന്‍സ്കയെയാണു കടുത്ത മല്‍സരത്തില്‍ സിബുല്‍ക്കോവ കീഴടക്കിയത് (3-6,7-5,7-9). വനിതാ ഡബിള്‍സില്‍ നിലവിലെ ജേതാക്കളായ സാനിയ മിര്‍സ-മര്‍ട്ടിന ഹിന്‍ജിസ് സഖ്യം ക്രിസ്റ്റീന എംചാലെ-യെലേന ഓസ്റ്റപെങ്കോ കൂട്ടുകെട്ടിനെ തകര്‍ത്തുവിട്ടു (6-1,6-0). പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ഫ്ലോറിന്‍ മെര്‍ഗിയ സഖ്യം ഹെന്റി കോണ്ടിനെന്‍-ജോണ്‍ പിയേഴ്സ് സഖ്യത്തോട് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ തോറ്റു പുറത്തായി (6-2,3-6,4-6,7-6,6-8).