05 July, 2016 01:10:37 AM
ഇന്ത്യയുടെ വനിതാ റിലേ ടീമിന് ദേശീയ റെക്കോര്‍ഡ്
കസാഖ്സ്ഥാന്‍: അല്‍മാട്ടിയില്‍ നടക്കുന്ന കസാഖ്സ്ഥാന്‍ ദേശീയ അതലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ 4-100 മീറ്റര്‍ വനിതാ റിലേ ടീമിനു റെക്കോര്‍ഡ്. എന്നാല്‍, ഒളിംപിക്സ് യോഗ്യത ടീമിന് ഇപ്പോഴും അകലെയാണ്. കണ്ണൂര്‍ ഇരിട്ടി സ്വദേശി മെര്‍ലിന്‍ കെ. ജോസഫ്, ശ്രാബനി നന്ദ, എച്ച്.എം.ജ്യോതി, ദ്യുതി ചന്ദ് എന്നിവരുള്‍പ്പെട്ട ടീം 43.42 സെക്കന്‍ഡിലാണു ദേശീയ റെക്കോര്‍ഡ് തിരുത്തിയത്.
മേയ് 18നു ബെയ്ജിങ്ങില്‍ ഇതേ ടീം കണ്ടെത്തിയ 44.03 സെക്കന്‍ഡിന്റെ സമയമാണു പൊളിഞ്ഞത്. ജ്യോതി ശങ്കര്‍, കൃഷ്ണ കുമാര്‍ റാണ, വിദ്യാസാഗര്‍, അമിയ കുമാര്‍ മല്ലിക്ക് എന്നിവരുള്‍പ്പെട്ട പുരുഷ ടീം 39.90 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. റിയോ യോഗ്യത നേടാന്‍ പതിനൊന്നാം തീയതി വരെ സമയമുണ്ട്. ലോക റാങ്കിങ്ങില്‍ ആദ്യ 16ല്‍ വരുന്ന ടീമുകള്‍ക്കാണു റിലേയില്‍ ഇറങ്ങാന്‍ കഴിയുക. നിലവില്‍ വനിതാ ടീം ഇപ്പോള്‍ പത്തൊമ്പതാം സ്ഥാനത്തു നില്‍ക്കുന്നു. പത്തിനും 11നും നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി സീരിസാണു ടീമിന്റെ അവസാന പ്രതീക്ഷ.