04 July, 2016 10:41:19 PM


പരിശീലന ക്യാംപിലെ വേദി മാറ്റം; കേരള ടീമിനെ പ്രതിസന്ധിയിലാക്കി



പാലക്കാട് : തുര്‍ക്കിയിലെ ട്രാസ്ബണില്‍ ഈമാസം 11ന് ആരംഭിക്കുന്ന ലോക സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപിലെ വേദി മാറ്റം കേരള ടീമിനെ പ്രതിസന്ധിയിലാക്കി. ഛത്തീസ്ഗണ്ഡിലെ ഇന്ത്യന്‍ ക്യാംപിലെ പരിശീലനം ദില്ലിയിലേക്ക് മാറ്റിയതാണ് കേരളത്തില്‍നിന്നും പുറപ്പെടാനിരുന്ന ടീമിനെ പ്രതിസന്ധിയിലാക്കിയത്. ഒടുവില്‍ പാലക്കാട് എംപി ഇടപെട്ടതോടെ പ്രശ്നപരിഹാരമായി.


13 താരങ്ങളും രണ്ടു ഒഫീഷ്യല്‍സുകളും അടങ്ങുന്ന 15 അംഗ കേരള ടീം മൂന്നാം തീയതിയായിരുന്നു ഛത്തീസ്ഗണ്ഡിലെ ഇന്ത്യന്‍ ക്യാംപിലേയ്ക്കു പാലക്കാട്ടുനിന്നു പോകുവാന്‍ തയ്യാറായിരുന്നത്. ഇതിനുള്ള റിസര്‍വേഷനും ലഭ്യമാക്കിയിരുന്നു. രണ്ടിനു വൈകിട്ടേ‍ാടെ സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പരിശീലന വേദിയില്‍ മാറ്റം വരുത്തി. പരിശീലനം ദില്ലിയിലാണെന്നും കേരള താരങ്ങള്‍ അ‍ഞ്ചിനു പുറപ്പെടണമെന്നുമായിരുന്നു ഫെഡറേഷന്റെ അറിയിപ്പും ലഭിച്ചു.

തുടര്‍ന്ന് സംഘം മൂന്നിനു ട്രെയിന്‍ ബുക്കു ചെയ്തത് റദ്ദാക്കി. എന്നാല്‍ അഞ്ചാം തിയതിയില്‍ ട്രെയിനുകളില്‍ ടിക്കറ്റ് ലഭിക്കാതായതോടെ ടീം ആശങ്കയിലായി. പരിശീലനം മുടങ്ങുമെന്ന അവസ്ഥയായി. ഇക്കാര്യമറിഞ്ഞ എം.ബി. രാജേഷ് എംപി പ്രശ്നത്തില്‍ ഇടപെട്ടതേ‍ാടെ 15 പേര്‍ക്കും കേരള എക്സ്പ്രസില്‍ റിസര്‍വേഷന്‍ അനുവദിച്ചു കിട്ടി. ടീം നാളെ വൈകിട്ട് ഏഴരയോടെ പാലക്കാട്ടു നിന്നു ദില്ലിയിലേക്കു യാത്ര തിരിക്കും.

രുഗ്മ ഉദയന്‍, പി.എന്‍. അജിത്, അഭിഷേക് മാത്യു, കെ.എസ്.അനന്തു, അനുമോള്‍ തമ്പി, അപര്‍ണ റോയി, കെ.ആര്‍.ആതിര, ലിബത്ത് കരോളിന്‍ ജോസഫ്, മേഘ മറിയം മാത്യു, ദിവ്യ മോഹന്‍, സാന്ദ്ര എസ്. നായര്‍, നിവ്യ ആന്റണി, അബിഗെയില്‍ ആരോഗ്യനാഥന്‍ എന്നിവരാണ് ഇന്ത്യക്കുവേണ്ടിയുള്ള കേരള താരങ്ങള്‍. ഹ്രസ്വ-ദീര്‍ഘ ദൂരം, ജംപ് ഇനങ്ങള്‍, ത്രോയിനങ്ങളിലാണ് മത്സരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K