27 June, 2016 11:04:31 AM
മെസിക്ക് അടിതെറ്റി ; കോപ അമേരിക്ക ശതാബ്ദി ഫുട്ബാൾ കിരീടം ചിലിക്ക്
ന്യൂയോർക്: കോപ അമേരിക്ക ശതാബ്ദി ഫുട്ബാൾ കിരീടം ചിലിക്ക്. ഷൂട്ട്ഔട്ടിൽ രണ്ടിനെതിരെ നാല് ഗോളിനാണ് ചിലി അർജന്‍റീനയെ തകർത്തത്. ചിലിക്ക് വേണ്ടി നികോളാസ് കാസ്റ്റിലോ, ചാൾസ് അരാൻഗ്യുസ്, ജീൻ ബിയാസോർ, ഫ്രാൻസിസ്കോ സിൽവ എന്നിവർ ഗോളുകൾ നേടി. ജാവിയർ മസ്ച്യുരാനോ, സെർജിയോ അഗ്യൂറോ എന്നിവരാണ് ഗോളുകൾ നേടിയ അർജന്‍റീനിയൻ താരങ്ങൾ.
കഴിഞ്ഞ കോപ അമേരിക്ക ഫുട്ബാൾ ഫൈനലിന്‍റെ തനിയാവർത്തനമാണ് ഇത്തവണയും കണ്ടത്. ഷൂട്ട്ഔട്ടിൽ കലാശിച്ച കഴിഞ്ഞ വർഷത്തെ ഫൈനൽ മത്സരത്തിൽ അർജന്‍റീനയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചിലി തകർത്തത്. ഇത്തവണയാകട്ടെ ഷൂട്ട്ഔട്ടിൽ ആദ്യ ക്വിക്ക് എടുത്ത അർജന്‍റീനിയൻ നായകൻ ലയണൽ മെസി ഗോൾ പാഴാക്കി. നിശ്ചിത സമയത്തും അധിക സമയത്തും അർജന്‍റീനയും ചിലിയും ഗോൾ അടിക്കാത്തതോടെയാണ് മത്സരം ഷൂട്ട്ഔട്ടിലേക്ക് കടന്നത്.
ബ്രസീലിന് ശേഷം രണ്ടാം തവണ കോപ അമേരിക്ക കിരീടം നേടിയ ടീമെന്ന റെക്കോർഡാണ് ചിലി സ്വന്തമാക്കിയത്. 23 വർഷത്തിന് ശേഷവും കോപ അമേരിക്കയിൽ മുത്തമിടാൻ ലോക ചാമ്പ്യന്മാരായ അർജന്‍റീനക്ക് കഴിഞ്ഞില്ല എന്നതാണ് ദുഃഖകരം. മത്സരത്തിന്‍റെ തുടക്കം മുതൽ ഇരുടീമുകളിലെ മിക്ക താരങ്ങളും മഞ്ഞ കാർഡ് കണ്ടു. ആദ്യ പകുതിയിൽ ആറ് മഞ്ഞ കാർഡും രണ്ട് ചുവപ്പ് കാർഡും രണ്ടാം പകുതിയിൽ രണ്ട് മഞ്ഞ കാർഡും അധിക സമയത്ത് ഒരു മഞ്ഞ കാർഡും പിറന്നു.
രണ്ട് മഞ്ഞ കാർഡുകൾ ലഭിച്ച അർജന്‍റീനയുടെ മാർകോ റോജോയും ചിലിയുടെ മാർസിലോ ഡയസും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ആദ്യ പകുതിയിൽ 16ാം മിനിട്ടിലും 28ാം മിനിട്ടിലുമാണ് മാർസിലോ ഡയസിന് മഞ്ഞ കാർഡ് ലഭിച്ചത്. 43ാം മിനിട്ടിലാണ് ചിലിയുടെ മാർസിലോ ഡയസിന് ചുവപ്പ് കാർഡ് കിട്ടിയത്. തുടർന്ന് ഇരുടീമുകളും പത്തു പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.
ചിലിയൻ താരങ്ങളായ അർതുറോ വിഡൽ 37ാം മിനിട്ടിലും ജീൻ ബിയാസോർ 52ാം മിനിട്ടിലും ചാൾസ് അരാൻഗ്യുസ് 69 മിനിട്ടിലും മഞ്ഞ കാർഡ് കണ്ടു. അർജന്‍റീനിയൻ ടീമിൽ 37ാം മിനിട്ടിൽ ജാവിയർ മസ്ച്യുരാനോക്കും 40ാം മിനിട്ടിൽ ക്യാപ്റ്റൻ ലയണൽ മെസിക്കും എക്സ്ട്രാ ടൈമിൽ 94ാം മിനിട്ടിൽ മറ്റിയാസ് റാനവിറ്ററിനും മഞ്ഞ കാർഡ് ലഭിച്ചു.