21 June, 2016 01:09:55 AM
ദേവേന്ദ്രോ സിങ്ങും മനോജ് കുമാറും ഒളിംപിക് യോഗ്യതാ ബോക്സിംഗില്‍ മുന്നോട്ട്
അസര്‍ബെയ്ജാന്‍ : രണ്ട് ഇന്ത്യന്‍ ബോക്സിങ് താരങ്ങള്‍ റിയോ ഒളിംപിക്സിലേക്ക് ഒരു പടി കൂടി അടുത്തു. കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് എല്‍. ദേവേന്ദ്രോ സിങ്ങും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് മനോജ് കുമാറുമാണ് രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റില്‍ പ്രതീക്ഷയോടെ മുന്നേറുന്നത്.
49 കിലോ വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച നാലാം സീഡ് ദേവേന്ദ്രോ അര്‍ജന്റീനയുടെ ലിയാന്‍ഡ്രോ ബ്ലാങ്കിനെ 3-0 നു തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. മനോജ് കുമാറാകട്ടെ രണ്ടാം സീഡായ ഈജിപ്ത് താരം മുഹമ്മദ് ഇസ്‍ലാം അഹമ്മദ് അലിയെ 3-0നു വീഴ്ത്തി 64 കിലോ വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
ഈ ടൂര്‍ണമെന്റില്‍ മികവു കാട്ടുന്ന 39 പേര്‍ക്ക് റിയോ ഒളിംപിക്സ് യോഗ്യത ലഭിക്കും. 49 കിലോയില്‍ രണ്ടു പേര്‍ക്കാണു യോഗ്യത. എന്നാല്‍ 52, 56, 60, 64, 69, 75, 81 കിലോ വിഭാഗങ്ങളില്‍ അഞ്ചുപേര്‍ക്കു വീതമാണു യോഗ്യത. 91 കിലോയിലും 91 കിലോയ്ക്കു മുകളിലും ഓരോരുത്തര്‍ക്കും യോഗ്യത നേടാം. 100 രാജ്യങ്ങളില്‍നിന്നുള്ള നാനൂറിലേറെ താരങ്ങളാണ് ഇവിടെ യോഗ്യത തേടുന്നത്. 56 കിലോ വിഭാഗത്തില്‍ ശിവ താപ്പ നേരത്തേതന്നെ ഒളിംപിക് യോഗ്യത നേടിയിരുന്നു.